

സർക്കാർ ഭൂമിയിൽ കുരിശ് സ്ഥാപിച്ച സംഭവത്തിൽ കേസെടുത്തു
ഇടുക്കി: പരുന്തുംപാറ സർക്കാർ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരേ കേസെടുത്തു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ സർക്കാർ ഭൂമി കയ്യേറുകയും കൈവശം വച്ചിരുന്ന ഭൂമിയിൽ പുതിയ കോൺക്രീറ്റ് കുരിശ് സ്ഥാപിക്കുകയുമായിരുന്നു. ഇടുക്കി കലക്റ്ററുടെ നിരോധനാജ്ഞ അവഗണിച്ച് കുരിശ് നിർമിച്ചതിനാണ് സജിത് ജോസഫിനെതിരേ കേസെടുത്തിരിക്കുന്നത്.
ഈ കാര‍്യം ചൂണ്ടിക്കാട്ടി പീരുമേട് ലാൻഡ് റവന‍്യൂ തഹസിൽദാർ പൊലീസിൽ പരാതിപ്പെടുകയും തിങ്കളാഴ്ചയോടെ കയ്യേറ്റ ഭൂമിയിലെ കുരിശ് റവന‍്യൂ ഉദ‍്യോഗസ്ഥരുടെ സംഘം പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു.
രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതായും റവന‍്യൂ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സജിത് ജോസഫ് നിർമിച്ച തന്‍റെ റിസോർട്ടിനോട് ചേർന്നാണ് കുരിശ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ കലക്റ്ററുടെ നിർദേശ പ്രകാരം സ്റ്റോപ്പ് മെമോ നൽകിയ ശേഷമായിരുന്നു കുരിശ് നിർമാണം.