
തിരുവനന്തപുരം: നിയമസഭയിൽ നടന്ന ഭരണ-പ്രതിപക്ഷ സംഘർഷത്തിനെത്തുടർന്ന് എംഎൽഎമാർക്കെതിരെയും വാച്ച് ആന്‍റ് വാർഡിനെതിരെയും കേസെടുത്തു. ഭരണപക്ഷ എംഎൽഎമാരായ സച്ചിൻ ദേവിനും എച്ച് സലാമിനുമെതിരെയാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.
7 പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും കേസെടുത്തു. റോജി എം ജോൺ, ഉമ തോമസ്, കെ കെ രമ, പി കെ ബഷീർ, അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ , അനൂപ് ജേക്കബ് എന്നീ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വനിതാ വാച്ച് ആന്‍റ് വാർഡിന്‍റെ പരാതിയിൽ മ്യൂസിയം പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. ഭരണപക്ഷത്തിനെതിരെ പരാതി നൽകിയത് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫാണ്. സച്ചിൻ ദേവ്, എച്ച് സലാം, കണ്ടാൽ അറിയാവുന്ന വാച്ച് ആന്‍റ് വാർഡ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ കയ്യേറ്റം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
ഇന്നലെ സ്പീക്കറുടെ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പ്രതിപക്ഷ എംഎൽഎമാർക്ക് പരുക്ക് പറ്റിയിരുന്നു. കെ കെ രമയുടെ വലതു കൈ പൊട്ടി. സംഘർ,ത്തിനു പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സനീഷ് കുമാർ ജോസഫ് തുടങ്ങിയവരും ചികിത്സ തേടിയിരുന്നു.