
കൊച്ചി : സിബിഎസ്ഇ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം നവംബര്‍ 24 മുതല്‍ 26വരെ കാലടി ശ്രീ ശാരദ വിദ്യാലയത്തില്‍ നടക്കും. സംസ്ഥാനത്തെ 2900 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി പതിനായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കും. 25 വേദികളിലായി 140 ഇനങ്ങളിലായാണു മത്സരം. ശ്രീശാരദ വിദ്യാലയം, ആദിശങ്കര എൻജിനിയറിങ് കോളെജ്, ശ്രീശങ്കര ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളേജ്, ആദിശങ്കര ട്രെയിനിങ് കോളെജ് എന്നിവിടങ്ങളും മത്സരവേദികളാണ്.
യുവജനോത്സവത്തിന്‍റെ ലോഗോ പ്രകാശനം സിനിമാ താരം പത്മശ്രീ ഭരത് മോഹന്‍ലാല്‍ നിര്‍വഹിച്ചു. 24ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സിനിമാ താരം നവ്യാ നായര്‍ , ബെന്നി ബഹനാന്‍ എംപി, റോജി എം. ജോണ്‍ എംഎല്‍എ, സിയാല്‍ എംഡി ഡോ. എസ്. സുഹാസ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ശ്രീശാരദ വിദ്യാലയ സീനിയര്‍ പ്രിന്‍സിപ്പാള്‍ ഡോ.ദീപ ചന്ദ്രന്‍, ഡോ. അനില്‍ കുമാര്‍, അഡ്വ. ടി.പി.എം ഇബ്രാഹം ഖാന്‍, ബിജു ജനാര്‍ദനന്‍, എന്നിവര്‍ പങ്കെടുത്തു.