Center declared Wayanad landslide as extreme disaster
വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം

അ​ധി​ക ധ​ന​സ​ഹാ​യ​ത്തി​ൽ മ​റു​പ​ടി​യി​ല്ല
Published on

തിരുവനന്തപുരം: ജൂ​ലൈ 30ന് ​വ​യ​നാ​ട്ടി​ലെ മുണ്ടക്കൈ -ചൂരല്‍മല മേ​ഖ​ല​യി​ലു​ണ്ടാ​യ ഉരുള്‍പൊട്ടല്‍ അതി​തീവ്ര​ ദുരന്തമെന്ന് കേന്ദ്ര സ​ർ​ക്കാ​ർ.​ രാ​ജ്യ​ത്തെ​യാ​കെ ന​ടു​ക്കി​യ പ്ര​കൃ​തി​യു​ടെ താ​ണ്ഡ​വ​ത്തെ "അതിതീവ്ര ദുരന്ത'മായി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്‍റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു.

സം​ഭ​വി​ച്ച​ത് അതിതീവ്ര ദുരന്തമാണെന്ന് പാര്‍ലമെന്‍റില്‍ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നുവെങ്കിലും രേഖാമൂലം അറിയിപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല. കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളം അയച്ച കത്തിന് നൽകിയ മറുപടിയിലാണ് ഇപ്പോൾ ഇക്കാര്യം പരാമർശിക്കുന്നത്. എന്നാൽ, കേ​ര​ള​ത്തി​ന് പ്രത്യേക ധനസഹായ പാക്കെജ് അനുവദിക്കുന്നതിൽ ഇപ്പോഴും വ്യക്തമായ മറുപടി നൽകിയിട്ടില്ല.

വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പരിഗണിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതി തീവ്ര ദുരന്തമാണെന്ന് കണ്ടെത്തി. എന്നാല്‍, കൂടുതല്‍ സാമ്പത്തിക സഹായം നല്‍കില്ലെന്നും ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം നല്‍കുന്നത് നടപടി ക്രമങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ പാർലമെന്‍റിലും അതിതീവ്ര ദുരന്തമെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു. പിന്നാലെ, കേരളം സഹായം ആവശ്യപ്പെട്ട് നൽകിയ കത്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ഡോ.​ ​രാജേഷ് ഗുപ്ത സംസ്ഥാന റവന്യൂ, ദുരന്ത നിവാരണ, ഭവന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് ഇക്കാര്യം വ്യക്തമാക്കി മറുപടി നൽകിയിരിക്കുന്നത്. ദുരിതാശ്വാസ​ പ്രവർത്തനങ്ങൾക്ക് ഇതിനകം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് പ​ണം നൽകിയിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം നൽകുക, ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക, പുനർനിർമാണത്തിന് പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക എന്നീ നാല് ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്. എന്നാൽ, ത​ത്കാ​ലം കൂടുതൽ പണം അനുവദിക്കില്ലെന്ന സൂചനയാണ് കേന്ദ്രം ആവർത്തിക്കുന്നത്. കടങ്ങൾ എഴുതിത്തള്ളുന്നതിലും മറുപടിയായിട്ടില്ല. ഇനി പുനർനിർമാണത്തിന് പ്രത്യേക പാക്കെജ് പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

logo
Metro Vaartha
www.metrovaartha.com