
സുരേഷ് ഗോപി
File photo
ഏകീകൃത സിവിൽ കോഡ് ആയിരിക്കും അടിസ്ഥാനം. തുടർന്ന് ആരാധനാലയങ്ങൾക്കുള്ള ബിൽ വരുന്ന ദിവസം ഇപ്പോഴുള്ള ദേവസ്വങ്ങളുടെയെല്ലാം അവസാനമാകും. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങൾ കേന്ദ്ര ബോർഡിനു കീഴിലാകുമെന്നും സുരേഷ് ഗോപി പറയുന്നു.
കോട്ടയം: ശബരിമല ക്ഷേത്രം കേന്ദ്ര സർക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാകുമെന്ന സൂചന നൽകി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവിൽ കോഡ് വരും, ആരാധനാലയങ്ങൾക്കുള്ള ബിൽ അതിനു പിന്നാലെ വരും. ഇതോടെ ക്ഷേത്രങ്ങള്‍ക്കായി ദേശീയ സംവിധാനവും കേന്ദ്ര ദേവസ്വം ബോർഡും നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മറ്റു ദേവസ്വം ബോർഡുകളെല്ലാം ഇല്ലാതാകുകയും ക്ഷേത്രങ്ങൾ കേന്ദ്രത്തിനു കീഴിലാകുകയും ചെയ്യും എന്നാണ് മന്ത്രി പറയുന്നത്.
ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ ശബരിമല പ്രശ്‌നം തീരും. ശബരിമല വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഫെഡറലിസം മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോള്‍ വിഷയത്തില്‍ ഇടപെടാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു. കോട്ടയത്തെ പാലാ മേവട പുറക്കാട്ട് ദേവീക്ഷേത്രം ആൽത്തറയിൽ കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രതലത്തിൽ ദേവസ്വം ബോർഡ് പോലൊരു സംവിധാനം വരുന്നതോടെ എല്ലാ ആരാധനാലയങ്ങളുടെയും പ്രവർത്തനം ഒരേ രീതിയിലാകും. ദേവസ്വങ്ങളുടെ എല്ലാം അവസാനമായിരിക്കും അന്ന്. ഇത് വാഗ്ദാനമല്ല, ഉറപ്പാണ്. ഏകീകൃത സിവിൽ കോഡാണ് അടിസ്ഥാനം. പിന്നെ വരാൻ പോകുന്നത് ഹിന്ദു റിലീജിയസ് കൺസോർഷ്യം, ഹിന്ദു റിലീജിയസ് അഡ്മിനിസ്ട്രേഷൻ പോലെ ദേശീയമായ ഒരു സംവിധാനമായിരിക്കും. ശബരിമല മാത്രമല്ല ഒരുപാട് ക്ഷേത്രങ്ങൾ ഇതിനു കീഴിലാകുമെന്നും അദ്ദേഹം പറഞ്ഞു.