നെല്ല് സംഭരണം: കേന്ദ്രം കുടിശിക അനുവദിച്ചു

നെല്ല് സംഭരണ പദ്ധതി പ്രകാരം കർഷകർക്ക് താങ്ങുവില നൽകേണ്ടത് കേന്ദ്ര സർക്കാരാണ്
നെല്ല് സംഭരണം
നെല്ല് സംഭരണംപ്രതീകാത്മക ചിത്രം.
Updated on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ നിരന്തരമായ ഇടപെടലിനെത്തുടർന്ന് നെല്ല് സംഭരണ പദ്ധതി പ്രകാരമുള്ള താങ്ങുവില ഇനത്തിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന കുടിശികയായ 852.29 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. ഇതിൽ 2019-20, 2020-21 വർഷങ്ങളിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 116 കോടി രൂപ ഉൾപ്പെടുന്നു. സംസ്ഥാനത്തിന് ലഭിക്കാനുള്ള കുടിശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനില്‍ കേന്ദ്രസര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെടുകയും കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

നെല്ല് സംഭരണ പദ്ധതി പ്രകാരം കർഷകർക്ക് താങ്ങുവില നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. പദ്ധതി നടത്തിപ്പിനായി സംസ്ഥാന സർക്കാർ നിയോഗിച്ച നോഡൽ ഏജൻസിയായ സപ്ലൈകോ കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ല് സംസ്കരിച്ച് അരിയാക്കി റേഷൻകടകൾ വഴി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതിന് ശേഷം മാത്രമെ താങ്ങുവില ലഭിക്കുന്നതിനുള്ള ക്ലെയിം കേന്ദ്രസർക്കാർ സ്വീകരിക്കുകയുള്ളു. ഈ പ്രക്രിയ പൂർത്തിയാവാൻ ആറ് മുതൽ എട്ട് മാസം വരെ കാലതാമസമുണ്ടാകും. ഈ താമസം കൂടാതെ കർഷകർക്ക് സംഭരണ വില ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ബാങ്കുകൾ മുഖേന പിആർഎസ് വായ്പയായി സപ്ലൈകോയുടെ ഗ്യാരന്‍റിയിൽ കർഷകർക്ക് തുക ലഭ്യമാക്കുകയും സർക്കാരിൽ നിന്ന് തുക ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ തന്നെ ബാങ്ക് വായ്പ തിരിച്ചടവ് വരുത്തുകയും ചെയ്യുന്നത്.

എന്നാൽ, യഥാസമയം കേന്ദ്ര സർക്കാർ താങ്ങുവില അനുവദിക്കാത്തതിനാൽ വായ്പാ തിരിച്ചടവിന് കാലതാമസം വരുകയും ബാങ്കുകൾ പലപ്പോഴും പുനർവായ്പ അനുവദിക്കുന്നതിന് വിമുഖത കാണിക്കുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ടാണ് കഴിഞ്ഞ സംഭരണ സീസണിൽ നെൽ കർഷകർക്ക് വില നൽകുന്നതിന് കാലതാമസമുണ്ടായതെന്ന് കൃഷിമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇത് കർഷകരെ വലിയ തോതിൽ പ്രയാസത്തിലാക്കി. അന്യായമായ നിബന്ധനകൾ അടിച്ചേൽപ്പിച്ചു കൊണ്ടാണ് കേന്ദ്ര സർക്കാർ കേരളത്തിലെ കർഷകന് കിട്ടേണ്ട തുക തടഞ്ഞു വയ്ക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള സാങ്കേതിക സംവിധാനമായ മാപ്പർ റിപ്പോർട്ടിൽ വന്ന പിഴവുകളുടെ പേരിലും വലിയ തുക തടഞ്ഞു വച്ചിട്ടുണ്ട്. ഇപ്പോൾ അനുവദിച്ചത് കൂടാതെ 756.25 കോടി രൂപയുടെ ക്ലെയിം കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തെ നെൽകർഷകർക്ക് ലഭിക്കാൻ ഇപ്പോഴും ബാക്കി നിൽക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com