
കോതമംഗലം: കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്‍റെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷനെ നേരിൽ കണ്ട് കത്ത് നൽകി അഡ്വ . ഡീൻ കുര്യാക്കോസ് എംപി. സംഭവത്തിൽ മനുഷ്യാവകാശ ലംഘനവും, അതോടൊപ്പം ക്രൂരമായ ക്രിമിനൽ കൃത്യവിലോപവും ഉണ്ടായിട്ടുണ്ട്.
വൈകുന്നേര സമയത്ത് ജനവാസ മേഖലയിൽ ആന നിൽക്കുന്നത് കണ്ട പ്രദേശവാസികൾ തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതാണ്. എന്നാൽ വാഹനത്തിൽ ഇന്ധനമില്ലായെന്നാണ് മറുപടി നൽകിയത്. നിരുത്തരവാദപരമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തേണ്ടതാണന്ന് എംപി പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താനുള്ള സർക്കാരിന്‍റെ ഇച്ഛാശക്തി ഇല്ലായ്മയാണ് ഇവിടെ മനസിലാക്കാൻ കഴിയുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള പ്രാഥമികമായ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്‍റെതാണ്.
എന്നാൽ വനം വകുപ്പ് മന്ത്രിക്ക് സ്വന്തം കസേര സംരക്ഷിക്കാനുള്ള ശ്രദ്ധ മാത്രമേയുള്ളൂ. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ മാതൃകാപരമായി നടപടി സ്വീകരിക്കാനുള്ള ധൈര്യം വനം മന്ത്രിയ്ക്കില്ലെന്നും ഡീൻ പറഞ്ഞു.
ചങ്ങലക്ക് ഭ്രാന്ത് പിടിക്കുന്നതിന് സമമാണ് വന്യമൃഗ ആക്രമണത്തിൽ കേരളത്തിലെ കാര്യങ്ങൾ. ആർആർടി യും, മറ്റു പ്രതിരോധ പ്രവർത്തനങ്ങളും ഉറപ്പുവരുത്തേണ്ട സർക്കാർ തന്നെ അതിക്രമങ്ങൾക്ക് അവസരമൊരുക്കുകയാണ്. കുട്ടമ്പുഴയിലെ സംഭവത്തിന് തൊട്ടു മുൻപ്, സമീപ പ്രദേശത്തു വച്ചാണ് എൻജിനീയറിങ് കോളെജ് വിദ്യാർഥിനി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.
ഈ രണ്ടു സംഭവത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടായ, കൃത്യ- വിലോപം സ്പഷ്ടമാണ്. ഈ പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കേണ്ട സർക്കാർ അതിന് തയ്യാറാകാത്തത് കൊണ്ടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ഉടൻ തന്നെ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കാമെന്ന് ഡൽഹിയിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ഉറപ്പു നൽകിയതായി എംപി വെളിപ്പെടുത്തി.