

പ്രതീകാത്മക ചിത്രം
MV
ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചു. ബുധനാഴ്ച പുലർച്ചെ നാലിന് 140 അംഗ വനപാലക സംഘം ഓപ്പറേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ആനയെ റേഡിയോ കോളർ ഘടിപ്പിച്ച ശേഷം സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കുകയാണ് ലക്ഷ്യം. നിലവിൽ ആനയിറങ്കൽ ഡാമിന് സമീപമുള്ള ആനയെ മയക്കുവെടിവയ്ക്കുന്നതിന് മുൻപ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും. ആനയുടെ സഞ്ചാരവും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികൾ. ഉച്ചയോടെ ദൗത്യം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
വിവിധ വനമേഖലകളിൽ നിന്നുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ, എലിഫന്‍റ് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങൾ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ചിന്നക്കനാലിലെ ഫാത്തിമ മാതാ ഹൈസ്‌കൂളിലാണ് ദൗത്യത്തിന്റെ ബേസ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.