ഒരാഴ്ചത്തെ തയാറെടുപ്പ്, രണ്ടരമിനിറ്റില്‍ കവർച്ച; റിജോ റിമാന്‍ഡില്‍

ബാങ്ക് കവർച്ചയ്ക്കായി പ്രതി അതിശയിപ്പിക്കുന്ന ആസൂത്രണമാണ് നടത്തിയത്
chalakkudi federal bank robbery accused rijo antony remanded for two weeks
അറസ്റ്റിലായ റിജോ
Updated on

തൃശൂർ: ചാലക്കുടിയിൽ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി റിജോ ആന്‍റണി റിമാൻഡിൽ. രണ്ടാഴ്ചത്തേക്കാണ് റിജോയെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡു ചെയ്തത്. പ്രതിക്കായി പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. പൊലീസിന്‍റെ അപേക്ഷ ചൊവ്വാഴ്ച പരി​ഗണിക്കും. പ്രതിക്ക് ജാമ്യം നൽകിയാൽ കുറ്റം ആവർത്തിക്കാൻ സാധ്യത എന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്.

ബാങ്ക് കവർച്ചയ്ക്കായി പ്രതി അതിശയിപ്പിക്കുന്ന ആസൂത്രണമാണ് നടത്തിയത്. എന്നാൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു സംഘം പൊലീസുകാർ വിശ്രമമില്ലാതെ നടത്തിയ പരിശ്രമത്തിനൊടുവിൽ പ്രതി വലയിലായി. ഒരാഴ്ചത്തെ ആസൂത്രമണമാണ് പ്രതി നടത്തിയത്. തെളിവുകൾ നശിപ്പിച്ച് പിടിക്കപ്പെടാതിരിക്കാനുള്ള എല്ലാ ​പദ്ധതികളും ചെയ്താണ് ഇയാൾ കവർച്ച നടത്തിയത്. കാലാവധി കഴി‍ഞ്ഞ എടിഎം പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് ഇയാൾ ബാങ്കിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. അന്ന് ഇവിടെ കവർച്ച നടത്താൻ പ്ലാനിട്ടിരുന്നെങ്കിലും പുറത്തൊരു പൊലീസ് ജീപ്പ് കണ്ടതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് ബുധനാഴ്ച ഇയാൾ ചാലക്കുടി പള്ളിയിൽ പോയി പെരുന്നാളിൽ പങ്കെടുത്തു. ഇവിടെ നിന്നാണ് പാർക്ക് ചെയ്തിരുന്ന ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് മോഷ്ടിച്ച് മടങ്ങുന്നത്. വ്യാഴാഴ്ച ഒരുക്കങ്ങളെല്ലാം അന്തിമമാക്കി വീട്ടിലിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.15 ന് ബാങ്കിന് മുന്നിലെത്തി. മിനിട്ടുകൾക്കുള്ളിൽ കവർച്ച നടത്തി പുറത്തിറങ്ങി.

മോഷണത്തിന് ശേഷം വളരെ ആസൂത്രിതമായ സിസിടിവിയൊന്നും അധികം ഇല്ലാത്ത വഴിയിലൂടെ സഞ്ചരിച്ച് പോട്ട ആശാരിപാറയിലെ വീട്ടിലേക്കെത്തി. ക്യാമറയില്ലാത്ത പ്രദേശത്ത് വച്ച് വസ്ത്രം മാറിയിരുന്നു. മൂന്നു തവണയാണ് റിജോ കവർച്ചയ്ക്കു ശേഷം വസ്ത്രം മാറിയത്. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാം മൊബൈലിലും ടിവിയിലും കണ്ടു കൊണ്ട് രണ്ടു ദിവസും വീട്ടില്‍ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു. മോഷണത്തിന് ശേഷം പാലിയേക്കര ടോള്‍ പ്ലാസ വഴി വണ്ടി പോയിട്ടില്ലെന്നറിഞ്ഞ പോലീസ് പിന്നെ എല്ലാ ഇടവഴികള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി.

ഞായറാഴ്ച ഉച്ചയോടെ പോട്ട പ്രദേശത്തുണ്ടെന്ന സൂചന ലഭിച്ചതോടെ പോലീസ് ആ പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ചു. പ്രതിയുടെ വീടിന് സമീപത്തെ സിസിടിവിയില്‍ നിന്ന് കവർച്ചയ്ക്കു ശേഷമുള്ള ദൃശ്യങ്ങൾ കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ വീടിന്‍റെ മുന്‍വശത്തെ സ്‌കൂട്ടര്‍ ഇരിക്കുന്നത് കണ്ടതോടെ പ്രതിയുടെ വീടാണന്ന് മനസിലായത്തോടെ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട് വളയുകയായിരുന്നു.

പോലീസിനെ കണ്ട പ്രതി ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച് എടുത്ത പണം എവിടെയോ ഒളിപ്പിച്ച് വെച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചു. വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ ചാലക്കുടി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com