ചക്രവാതച്ചുഴി, ന്യൂനമർദം: കേരളത്തിൽ വേനൽ മഴ തകർക്കും

ചുട്ടുപൊള്ളിയ പാലക്കാട്ടും വേനൽ മഴയും റെക്കോഡിൽ
chances for record Summer rain in Kerala
rainrepresentative image

##പി.ബി. ബിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യവാരം പ്രതീക്ഷിച്ചാൽ മതിയെങ്കിലും, ഈ മാസം 19ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തൽ.

സാധാരണ മെയ്‌ 22ഓടെയാണ് ആൻഡമാനിൽ കാലവർഷം ആരംഭിക്കാറുള്ളത്. പിന്നാലെ ജൂൺ ആദ്യവാരമാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. ജൂൺ മുതൽ ഒക്റ്റോബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ തെക്കുപടിഞ്ഞാറൻ കാലവർഷം, ഇടവപ്പാതി, തെക്കുപടിഞ്ഞാറൻ മൺസൂൺ എന്നീ പേരുകളിൽ വിശേഷിപ്പിക്കുന്നത്. രാജ്യത്തെ കാർഷിക രംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന ഈ കാലവർഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌.

എന്നാൽ, ചക്രവാതച്ചുഴിയുടെയും ന്യൂനമർദത്തിന്‍റെയും സ്വാധീനത്തിൽ കേരളത്തിൽ വരുംദിവസങ്ങളിൽ കാലവർഷത്തിന് സമാനമായ അതിശക്തമായ മഴയെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യൂനമർദ പാത്തിയുമുണ്ട്. തെക്കൻ കർണാടകയ്ക്കു മുകളിൽ നിന്ന് വിദർഭയിലേക്ക് മറ്റൊരു ന്യൂനമർദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.

അടുത്ത 5 ദിവസവും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും വരും ദിവസങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്.

വേനൽമഴ ശക്തമായതോടെ സംസ്ഥാനത്ത് ചൂട് കാര്യമായി കുറഞ്ഞിട്ടുണ്ട്. വേനൽച്ചൂട് റെക്കോഡിലെത്തിയ പാലക്കാട്ട് വേനൽ മഴയും തകർത്തു പെയ്തതോടെ അന്തരീക്ഷ താപനിലയിൽ 6 ഡിഗ്രിയോളം കുറവുണ്ടായി. ബുധനാഴ്ച 35.5 ഡിഗ്രി സെൽഷ്യസ് മാത്രമായിരുന്നു പാലക്കാട്ടെ താപനില. സാധാരണ പ്രതീക്ഷിക്കുന്നതിൽ 47 ശതമാനം അധിക മഴയാണ് ഇതുവരെ പാലക്കാട്ടും ലഭിച്ചത്.

അതേസമയം, മെയ്‌ മാസത്തെ ആദ്യ 15 ദിവസം വേനൽ മഴ ഏറ്റവും കൂടുതൽ ലഭിച്ചത് കോട്ടയം ജില്ലയിലാണ്- 103.2 മില്ലീ മീറ്റർ. സാധാരണയേക്കാൾ 7 ശതമാനം അധികമഴ. ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ 19 ശതമാനം മഴ കുറവാണെങ്കിലും 100.4 മില്ലീ മീറ്റർ മഴ രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയാണ് തൊട്ടുപിന്നാലെ. 30.3 മില്ലീ മീറ്റർ മാത്രം മഴ ലഭിച്ച ആലപ്പുഴയാണ് മഴക്കണക്കിൽ ഏറ്റവും പിന്നിൽ. പാലക്കാട്, മലപ്പുറം, കോട്ടയം ജില്ലകളിൽ മാത്രമാണ് അധികമഴ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുന്നതോടെ മെയ് മാസം പ്രതീക്ഷിച്ച മഴ സംസ്ഥാന വ്യാപകമായി ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Trending

No stories found.

Latest News

No stories found.