Arikomban
ArikombanFile

അരിക്കൊമ്പനെ കാടുകടത്തിയിട്ട് മൂന്നു മാസം; ഇനിയൊരു തിരിച്ചുവരവില്ല?

പുതിയ കുടുംബവും കൂട്ടുകാരുമൊക്കെയായെങ്കിലും, അരിക്കൊമ്പൻ അവിടെത്തന്നെ തുടരുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്

മൂന്നാർ: കഴിഞ്ഞ ഏപ്രിൽ 29നാണ് ചിന്നക്കനാലിൽ വച്ച് അരിക്കൊമ്പന് ആദ്യത്തെ മയക്കുവെടിയേൽക്കുന്നത്. തുടർന്ന് അവനെ അവിടെനിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്കും, തമിഴ്നാട് വനം വകുപ്പ് അവിടെനിന്ന് അപ്പർ കോതയാർ മേഖലയിലേക്കും മാറ്റുകയായിരുന്നു.

ചിന്നക്കനാലിൽ വച്ച് തുമ്പക്കൈക്ക് ഏറ്റ പരിക്ക് തേനിയിലെ പരക്കംപാച്ചിലിനിടെ വഷളായിരുന്നു. ഇതിനു ചികിത്സ നൽകിയ ശേഷമാണ് തമിഴ്നാട് വനമേഖലയിൽ തുറന്നു വിട്ടതെന്നാണ് വനം വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.

തുടക്കത്തിൽ ഡാമിനടുത്തും മറ്റും ഒറ്റപ്പെട്ട് നിന്ന അരിക്കൊമ്പൻ ക്രമേണ ഒരു കാട്ടാനക്കൂട്ടവുമായി അടുത്തിരുന്നു. രണ്ട് കുട്ടിയാനകൾ അടക്കം പത്ത് ആനകൾ ഉൾപ്പെടുന്ന കൂട്ടത്തിലാണ് അവിനിപ്പോൾ ഉള്ളതെന്നാണ് വിവരം.

പുതിയ കുടുംബവും കൂട്ടുകാരുമൊക്കെയായെങ്കിലും, അരിക്കൊമ്പൻ അവിടെത്തന്നെ തുടരുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൂട്ടം പിരിഞ്ഞു നടക്കാനുള്ള പ്രവണത കൊമ്പനാനകൾക്ക് കൂടുതലാണ്. പിടിയാനകളാണ് പൊതുവേ കൂട്ടം വിട്ടു പോകാത്തത്. ആനക്കൂട്ടങ്ങളെ നയിക്കുന്നതും പൊതുവേ മുതിർന്ന പിടിയാനകളായിരിക്കും.

അരിക്കൊമ്പന്‍റെ കാര്യത്തിൽ, കേരളത്തിലെ ജനവാസ മേഖലയിലേക്ക് തിരിച്ചുവരുന്നത് എളുപ്പമായിരിക്കില്ലെങ്കിലും, കാട്ടിനുള്ളിലെ കേരള അതിർത്തിയിൽ തിരിച്ചെത്താനുള്ള സാധ്യത തമിഴ്നാട് വനംവകുപ്പ് അധികൃതരും തള്ളിക്കളയുന്നില്ല.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com