
ന്യൂഡല്‍ഹി: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാം സ്ഥിരം കുറ്റവാളിയെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇതു സംബന്ധിച്ച അധിക രേഖകൾ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. നിഷാം മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നു രേഖകളിൽ വ്യക്തമാക്കുന്നു. സ്‌റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് അധിക രേഖകള്‍ കോടതിയില്‍ രേഖ സമർപ്പിച്ചത്.
നിഷാമിനെതിരായ 17 കേസുകളുടെ വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. കാപ്പ ലിസ്‌റ്റിൽ മുഹമ്മദ് നിഷാമിനെ ഉൾപ്പെടുത്തിയതിന്‍റെ വിവരങ്ങളും അധിക രേഖകളിലുണ്ട്. നിഷാമിനു വധശിക്ഷ നൽകണമെന്ന ആവശ്യവുമായി സർക്കാർ നൽകിയ അപ്പീൽ ഒരാഴ്ച്ച കഴിഞ്ഞു പരിഗണിക്കും. സർക്കാർ സമർപ്പിച്ച അധികരേഖയിൽ മറുപടി നൽകാൻ എതിർഭാഗം സമയം ആവശ്യപ്പെട്ടതിനാലാണു സുപ്രീം കോടതി കേസ് മാറ്റിയത്.
ജീവപര്യന്തം തടവിനെതിരേ നിഷാം സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനും എതിർ കക്ഷികൾക്കും സുപ്രീം കോടതി നോട്ടിസ് അയച്ചിരുന്നു. ഹർജി തീർപ്പാക്കുന്നതു വരെ ജാമ്യം നൽകണമെന്ന ആവശ്യത്തിലും കോടതി വിശദീകരണം തേടയിരുന്നു. ജീവപര്യന്തം വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി നിഷാം നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്.
2015 ജനുവരി 29നാണ് കേസിന് ആസ്പദമായ സംഭവം. തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ചു കാറിടിപ്പിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ചികിത്സയിലിരിക്കെ ഫെബ്രുവരി 16 നാണു മരണപ്പെട്ടത്.