
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയം അപ്പയുടെ 13-ാം വിജയമായി കാണുന്നെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണിതെന്നും പുതുപ്പള്ളിയിലെ നല്ലവരായ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതായും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പുതുപ്പള്ളിയിൽ പ്രചരണത്തിന് ഒറ്റക്കെട്ടായി ഇറങ്ങിയ ഓരോ നേതാക്കളുടെയും പേര് പ്രത്യേകം എടുത്തു പറഞ്ഞ് അദ്ദേഹം നന്ദി അറിയിച്ചു.
ജനങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ഒരിക്കലും ഭംഗം വരില്ല. വികസന തുടർച്ചയ്ക്കു വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തത്. അപ്പ ഉണ്ടായിരുന്ന 53 വർഷം ഈ നാട്ടിൽ വികസനവും കരുതലും ഉണ്ടായിരുന്നു. ആ വികസന തുടർച്ചയ്ക്ക് പുതുപ്പള്ളിയോടൊപ്പം ഞാനും ഉണ്ടാവുമെന്നും അദ്ദേഹം പ്രതികരിച്ചു.
എനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരുമെല്ലാം എന്നെ സംബന്ധിച്ച് ഒരുപോലെയാണ്. പുതുപ്പള്ളിയിൽ എനിക്ക് കിട്ടിയത് കുടുംബാംഗത്തിന് ലഭിക്കുന്ന സ്നേഹമാണ്. അപ്പയെ പോലെ ജനങ്ങൾക്ക് ഒപ്പം ഉണ്ടാകും. പുതുപ്പള്ളി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. വേട്ടയാടൽ എല്ലാം പുതുപ്പള്ളി തള്ളിയെന്നും ചാണ്ടി കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും പുറമേ ഓരോ നേതാക്കളെയും ചാണ്ടി പേരെടുത്ത് പറഞ്ഞ് നന്ദിയറിയിച്ചു. കെ.സി വേണുഗോപാൽ പൂർണ പിന്തുണ നൽകി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ക്യാമ്പ് ചെയ്ത് ചിട്ടയോടെ പ്രവർത്തനം നടത്തി. ചെന്നിത്തല പങ്കെടുത്ത യോഗങ്ങൾക്ക് വൻ പിന്തുണ കിട്ടി. വി.എം സുധീരൻ അവസാന നിമിഷം വരെ പരിപാടിയിൽ പങ്കെടുത്ത് പൂർണ പിന്തുണ നൽകിയെന്നും ചാണ്ടി ഓർമിച്ചു.