കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ്ത സഹായങ്ങൾ വാർത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രി താത്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ. സ്വാതന്ത്ര്യം ജനാധിപത്യം എന്ന് പറയുന്നവരുടെ ഭാഗത്ത് നിന്നാണ് ഈ പ്രവർത്തികൾ നടക്കുന്നത്. ഇവിടെ സ്വാതന്ത്ര്യം ഇല്ല. ജനാധിപത്യം ഇല്ല. അഭിപ്രായം പറയുന്നവരെ പുറത്താക്കുന്ന സ്ഥിതിയാണ്. ഇത് കേവലം ഒരു വ്യക്തിയുടെ മാത്രം അവസ്ഥയല്ല. എല്ലാവർക്കും ഉള്ള സൂചനയാണ്. നിങ്ങൾ ഈ സർക്കാരിനെതിരെ സംസാരിക്കാൻ തയ്യാറായാൽ നിങ്ങൾക്കും ഈ ഗതി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ട നേതാവാണ്. അദ്ദേഹത്തെ കുറിച്ച് നല്ലത് പറഞ്ഞതിൻ്റെ പേരിൽ ഇപ്പോൾ ഒരു സ്ത്രീയുടെ ജോലിയും കളഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് അപ്പയുടെ പേരിലുണ്ടാക്കിയ സ്തൂപം അടിച്ച് തകർത്തു. പുതുപ്പള്ളിയിൽ അപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് വച്ച ഫ്ലക്സ് ബോർഡുകൾ വരെ എടുത്ത് മാറ്റാണമെന്ന് പരാതികൾ നൽകുന്നു. രാഷ്ട്രീയത്തിനപ്പുറം ഒരു മകനെന്ന നിലയിൽ പറയുകയാണ് ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വെറുതെ വിടണം. ചാണ്ടി ഉമ്മൻ അപേക്ഷിച്ചു.
കൈതേപ്പാലം മൃഗാശുപത്രിയിൽ സ്വീപ്പറായി ജോലി ചെയ്തിരുന്ന പുതുപ്പള്ളി പള്ളികിഴക്കേതിൽ പി.ഒ. സതിയമ്മയെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. 11 വർഷമായി ചെയ്ത് വന്നിരുന്ന ജോലിയാണ് 52കാരിയായ സതിയമ്മക്ക് നഷ്ടമായത്. സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. എന്നാൽ, കാലാവധി കഴിഞ്ഞതിനാലാണ് ഒഴിവാക്കിയതെന്ന ന്യായീകരണമാണ് അധികൃതർ പറയുന്നത്.