

വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട കേസ്; കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിൽ റെയിൽവെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് 56 ദിവസം പിന്നിടുമ്പോഴാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്.
വധശ്രമം അടക്കമുള്ള വകുപ്പുകൾ പ്രതി സുരേഷ് കുമാറിനെതിരേ ചുമത്തിയിട്ടുണ്ട്. പുകവലി ചോദ‍്യം ചെയ്തതിനായിരുന്നു പ്രതി പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ടത്.
തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ വര്‍ക്കല അയന്തിക്കു സമീപത്തുവച്ചാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന സുരേഷ് ഓടുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ പുറത്തേക്ക് ചവിട്ടിയിടുകയായിരുന്നു.
അപകടത്തിന് പിന്നാലെ കാഴ്ചക്കാർ അപായ ചങ്ങല വലിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് എത്തി പരുക്കേറ്റ പേയാട് സ്വദേശിനി ശ്രീക്കുട്ടിയെ കൊല്ലത്തെത്തിച്ച് മെമുവിൽ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിച്ചു.
ഇവിടെ നിന്ന് ആംബുലന്‍സില്‍ ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ആക്രമിയെ യാത്രക്കാർ തടഞ്ഞു വയ്ക്കുകയും കൊച്ചുവേളിയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.