ചെങ്ങന്നൂർ - പമ്പ അതിവേഗ റെയിൽ പാതയിൽ ശബ്ദം കുറഞ്ഞ ട്രെയ്നുകൾ

വനമേഖലയുടെ സാന്നിധ്യമുള്ളതിനാൽ ഹരിത തീവണ്ടികളായിരിക്കും ഓടിക്കുക

ആലപ്പുഴ: നിർദിഷ്ട ചെങ്ങന്നൂർ-പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ റെയിൽവേ അംഗീകരിച്ചു. സർവേയുടെ അടിസ്ഥാനത്തിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി റെയിൽവേ ബോർഡിനു സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് ബോർഡ് പരിശോധിച്ചുതുടങ്ങി. പാതയ്ക്കുവേണ്ട ചെലവു കണക്കാക്കുന്നത് ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും. വനമേഖലയുടെ സാന്നിധ്യമുള്ളതിനാൽ ഹരിത തീവണ്ടികളായിരിക്കും ഓടിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ശബ്ദം കുറയ്ക്കുകയാണ് പ്രധാന ഉദ്ദേശ്യം. കൂടാതെ പരിസ്ഥിതിസൗഹാർദവും. വന്ദേഭാരത് മോഡൽ തീവണ്ടികളായിരിക്കും ഇതിനായി റെയിൽവേ പരിഗണിക്കുക.

റെയിൽവേ ബോർഡിന്‍റെ അംഗീകാരം ലഭിച്ചാൽ പദ്ധതി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. 177.80 ഹെക്ടർ സ്ഥലമായിരിക്കും പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുന്നത്. ചെങ്ങന്നൂർ-പമ്പ പാതയ്ക്കായി പുതുതായി ഒരു സ്റ്റേഷൻകൂടി ചെങ്ങന്നൂരിൽ നിർമിക്കും. ഇത് മഠത്തിൽപ്പടിയിലോ, ഹാച്ചറിയിലോ ആയിരിക്കും. പുതിയപാത നിലവിലുള്ള പാതയുമായി ബന്ധിപ്പിക്കുന്നതോടെ ചെങ്ങന്നൂർ സ്റ്റേഷൻ ജങ്ഷനാകും.

50 മിനിറ്റാണ് യാത്രാസമയം. തീർഥാടനകാലത്തുമാത്രമായിരിക്കും സർവീസ് ഉണ്ടാകുക. ബാക്കിയുള്ള സമയത്ത് പാത അടച്ചിടും. ചെങ്ങന്നൂരിൽനിന്നു പുറപ്പെട്ട് കല്ലിശ്ശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോൽപ്പുഴ, റാന്നി, വടശ്ശേരിക്കര, മാടമൺ, അത്തിക്കയം, നിലയ്ക്കൽ, ചാലക്കയം വഴിയാണ് പാത പമ്പയിലെത്തുന്നത്. അതേസമയം, അങ്കമാലി-എരുമേലി പാതയെ പമ്പ പാതയുമായി കൂട്ടിമുട്ടിക്കാൻകഴിഞ്ഞെങ്കിൽ നേട്ടമാകുമെന്ന അഭിപ്രായവും റെയിൽവേ ഉദ്യോഗസ്ഥർക്കിടയിലുണ്ട്.

രണ്ടു പാതകളുടെയും സാധ്യതകൾ റെയിൽവേ ബോർഡ് വിശദമായി പരിശോധിക്കുന്നുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.ബ്രോഡ്‌ഗേജ് ഇരട്ടപ്പാതയ്ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. ശബരിമല ഭക്തരുടെ സ്വപ്‌ന പദ്ധതിക്കാണ് ഇപ്പോള്‍ അന്തിമ അനുമതിയായിരിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ പദ്ധതിക്കായി 23.03 ഹെക്ടര്‍ ഭൂമി റെയില്‍വേ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ചെങ്ങന്നൂര്‍ പമ്പാ റൂട്ടില്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്നത് 5 സ്റ്റേഷനുകളാണ്. പുതിയ പാത വരുന്നതോടെ ശബരിപാത വേണ്ടെന്ന നിലപാടിലാണ് റെയില്‍വേ.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com