
തിരുവനന്തപുരം: എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് കെൽട്രോണിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റോഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളുടെ വിലയെത്രയെന്ന് വെളിപ്പെടുത്താനാകില്ലെന്ന കെൽട്രോണിന്‍റെ മറുപടി അഴിമതി മൂടിവയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് ചെന്നിത്തല ആരോപിച്ചു.
വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ് കെൽട്രോൺ അസംബന്ധമായ മറുപടി നൽകിയിരിക്കുന്നത്. കെൽട്രോണിന്‍റെ വിശ്വാസ്യത പൂർണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയെന്നും അദ്ദേഹം ആരോപിച്ചു.
കുത്തക കമ്പനിയുടെ കൊള്ളയ്ക്ക് കൂട്ടു നിൽക്കുന്ന കെൽട്രോൺ സാധാരണക്കാരന്‍റെ വീഴ്ചകൾ വിറ്റ് കാശാക്കാൻ നോക്കുകയാണ്. ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന സർക്കാരിന്‍റെയും കെൽട്രോണിന്‍റെയും വികൃതമായ മുഖമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്.
9 ലക്ഷം വില വരുമെന്ന് കെൽട്രോൺ ചെയർമാൻ പറഞ്ഞ ക്യാമറയ്ക്ക് ഒരു ലക്ഷം രൂപ പോലും വിലയില്ലെന്ന് പിന്നീട് എല്ലാവർക്കും മനസിലായതാണ്. എന്നിട്ടും കെൽട്രോൺ കള്ളക്കളി തുടരുകയാണ്. ഇനിയും ഈ തീവെട്ടിക്കൊള്ളയ്ക്ക് കൂട്ടു നിൽക്കുകയാണെങ്കിൽ ശിവശങ്കറിന്‍റെ ഗതി തന്നെയായിരിക്കും അദ്ദേഹത്തിനുമുണ്ടാകുക എന്നും ചെന്നിത്തല പറഞ്ഞു.
സ്കൂൾ തുറക്കാൻ സമയമായിട്ടും സുരക്ഷിത യാത്രയൊരുക്കാതെ ജനങ്ങളെ കൊള്ളയടിക്കാനാണ് സർക്കാർ നോക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.