

അപകടത്തിൽ പെട്ട വാഹനങ്ങൾ
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകന്‍റെ ഫോണിലെ ഡേറ്റ വീണ്ടെടുക്കാൻ പരിശോധനയ്ക്ക് അയക്കും. നിലവിൽ ഇൻസ്റ്റഗ്രാം അടക്കമുള്ള ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. അതേസമയം, കേസിൽ അഡീഷണൽ ജില്ലാ ജഡ്ജി റിനോ ഫ്രാൻസിസിനെതിരേ കേസെടുത്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത 17കാരന് വാഹനം ഓടിക്കാൻ നൽകിയതിനാണ് ആർഎസി ഉടമയായ ജഡ്ജിക്കെതിരേ നടപടി സ്വീകരിച്ചത്. എന്നാൽ മകന് ഡ്രൈവിങ് അറിയാമെന്ന കാര‍്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ജഡ്ജിയുടെ മൊഴി.
അപകടം നടക്കുന്ന സമയം പ്രതി ഓടിച്ചിരുന്ന ബെൻസ് കാർ മണിക്കൂറിൽ 104 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്നത് കണ്ടെത്തിയിട്ടുണ്ട്. പ്രതി 208 കിലാമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ സോഷ‍്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടെന്ന് അപകടത്തിൽ ജീവൻ നഷ്ടമായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍റെ കുടുംബം പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ജഡ്ജിയെ അന്വേഷണ സംഘം ചോദ‍്യം ചെയ്തുവരുകയാണ്.