

ബിനു തോമസ്
കോഴിക്കോട്: പാലക്കാട് ചെർപ്പുളശേരിയിൽ ജീവനൊടുക്കിയ സിഐയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരേ ഗുരുതര ആരോപണങ്ങളാണ് സിഐ ബിനു തോമസിന്‍റെ 32 പേജുള്ള കുറിപ്പിലുള്ളത്. ഡിവൈഎസ്പിയായ ഉമേഷിനെതിരേയാണ് ആരോപണം. നവംബർ 15 നാണ് ബിനു ചെർപ്പുളശേരി പൊലീസ് സ്റ്റേഷനടുത്തുള്ള ക്വാർട്ടേഴ്സിൽ ജിവനൊടുക്കിയത്. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയാണ് ബിനു.
2024 ൽ സിഐയായിരുന്ന ഉമേഷ് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്നും യുവതിയെ പീഡിപ്പിക്കാൻ തന്നെയും നിർബന്ധിച്ചെന്നുമാണ് ആരോപണം. അനാശാസ്യക്കേസിൽ അറസ്റ്റിലായ യുവതിയെ അന്നുതന്നെ ഉമേഷ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. അമ്മയും 2 മക്കളുമുള്ള വീട്ടിൽ രാത്രി സമയത്തെത്തിയായിരുന്നു പീഡനം. കേസ് മാധ്യമങ്ങളിൽ വരാതിരിക്കാനും പുറത്തറിയാതിരിക്കാനും തനിക്ക് വഴങ്ങണമെന്ന് ഉമേഷ് യുവതിയോട് പറയുകയായിരുന്നു. മറ്റ് വഴികളില്ലാതെ യുവതി സമ്മതിക്കുകയായിരുന്നെന്നും ബിനു കത്തിൽ ആരോപിക്കുന്നു.
ബിനു തോമസിന്‍റെ ആത്മഹത്യക്കുറിപ്പും അന്വേഷണ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. നവംബർ 15 നാണ് ഡ്യൂട്ടിക്കിടെ ക്വാർട്ടേഴ്സിലെത്തിയാണ് ബിനു കുടിവെള്ള പൈപ്പിന്‍റെ ഓസ് ഉപയോഗിച്ച് ഫാനിൽ തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നങ്ങളും ജോലി സമ്മർദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.