
ചേര്‍ത്തലയിൽ വീട്ടുവളപ്പില്‍ കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്‍റേതു തന്നെയെന്ന് സ്ഥിരീകരണം
ആലപ്പുഴ: ചേര്‍ത്തല പള്ളിപുറത്ത് വീട്ടുവളപ്പില്‍ കത്തിച്ച നിലയിൽ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരം. കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്‍റേതു തന്നെയെന്ന് സ്ഥിരീകരിച്ചു. മരിച്ചത് കാണാതായ ജയിനമ്മയാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ് ഇപ്പോഴുള്ളത്. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന ആവശ്യമാണ്. ഇതിനായി ജയിനമ്മയുടെ കുടുംബം ചൊവ്വാഴ്ച ഡിഎൻഎ സാമ്പിളുകൾ നൽകുമെന്നാണ് വിവരം.
തിങ്കളാഴ്ചയാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ ബിന്ദു പത്മനാഭന്‍ (47), കോട്ടയം ഏറ്റുമാനൂരില്‍നിന്നു കാണാതായ ജയിനമ്മ എന്നീ കേസുകളില്‍ ആരോപണ വിധേയനായ സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് കോട്ടയം ക്രൈം ബ്രാഞ്ച് ഇയാളുടെ വീട്ടുവളപ്പിൽ നടത്തിയ അന്വേഷണത്തിലാണ് ആള്‍ താമസമില്ലാത്ത വീടിന്‍റെ സമീപത്ത് നിന്നായി കത്തിച്ച നിലയിലുള്ള ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വൈകിട്ട് 3 മണിയോടെയായിരുന്നു പരിശോധന ആരംഭിച്ചത്. 2 സ്ഥലങ്ങളിൽ കുഴിയെടുത്ത ശേഷമാണ് അസ്ഥി കഷണങ്ങൾ കണ്ടെടുത്തത്. ലഭിച്ച അവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയപരിശോധനകൾ നടത്തിയാൽ മാത്രമേ ഇതു കാണാതായ സ്ത്രീകളുടേത് ആണോ അതോ മാറ്റാരുടെയെങ്കിലുമാണോ എന്ന് സ്ഥിരീകരിക്കാനാവു എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
നിലവിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള പ്രതിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിട്ടുണ്ട്.