
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച സംഭവത്തിൽ മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കിയാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മൂന്നു കുട്ടികളുടെയും ശരീരത്തിൽ അമിതമായി ഉറക്കഗുളികകൾ നൽകിയതിന്‍റെ തെളിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തു വന്നാൽ മാത്രമേ ഏത് ഉറക്കഗുളികയാണ് ഉള്ളിൽ ചെന്നിരിക്കുന്നതെന്ന് വ്യക്തമാകുകയുള്ളൂ.
ചെറുപുഴയിൽ മൂളപ്ര വീട്ടിൽ ഷാജി, സുഹൃത്ത് ശ്രീജ, മക്കളായ സൂരജ്, സുജിൻ, സുരഭി എന്നിവരെയാണ് ബുധനാഴ്ച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാജിയും ശ്രീജയും മുറിക്കകത്ത് ഒരേ ഫാനിൽ തൂങ്ങിയ നിലയിലും കുട്ടികളുടെ മൃതദേഹങ്ങൾ ഏണിപ്പടിയിൽ തൂങ്ങിയ നിലയിലുമായിരുന്നുg. അമിതമായി ഉറക്കമരുന്ന് നൽകിയതിനാൽ കുട്ടികൾ മരിച്ചിരിക്കുമെന്ന ധാരണയിലാണ് ശ്രീജയും ഷാജിയും കുട്ടകളെ കെട്ടിത്തൂക്കിയത് എന്നാണു നിഗമനം. പക്ഷേ, മൂത്ത കുട്ടി മരിച്ചിരുന്നില്ല. കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്‍റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
മറ്റു രണ്ടു കുട്ടികളും ഉറക്കമരുന്ന് അമിതമായി ശരീരത്തിൽ എത്തിയതിനാലാണ് മരിച്ചത്. ശ്രീജയുടെ ഭർത്താവ് സുനിലിന്‍റെ വീട്ടിലാണ് അഞ്ചു പേരുടെയും മൃതദേഹം കണ്ടെത്തിയത്. ശ്രീജയും ഷാജിയും തമ്മിൽ പരിചയപ്പെട്ടിട്ട് 8 മാസമേ ആകുന്നുള്ളൂ. തന്‍റെ വീട്ടിൽ നിന്ന് ശ്രീജയെയും ഷാജിയെയും ഇറക്കണമെന്നാവശ്യപ്പെട്ട് സുനിൽ പൊലീസിൽ പരാതി നൽകിയിരുന്നു.
പ്രശ്നത്തിൽ പൊലീസ് ഇടപെട്ട് ചർച്ച നടക്കാനിരിക്കേയാണ് നാടിനെ നടുക്കിയ കൂട്ടമരണം ഉണ്ടാകുന്നത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നും തങ്ങൾ ആത്മഹത്യ ചെയ്യുകയാണെന്നും ശ്രീജ പൊലീസിനെ നേരിട്ട് വിളിച്ചറിയിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.