ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്
കൊച്ചി: ചിക്കൻ ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിനെ ചൊല്ലി പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്. സെന്‍റ് ഓഫ് പാർട്ടിക്കിടെ ട്രാഫിക് ഹോം ഗാർഡുകൾ തമ്മിലാണ് തല്ലുണ്ടാക്കിയത്.
ഹോം ഗാർഡുകൾ ആയ രാധാകൃഷ്ണനും ജോർജും തമ്മിലാണ് അടിപിടി ഉണ്ടായത്. യാത്രയയപ്പ് നൽകിയ ഹോം ഗാർഡാണ് ബിരിയാണി വാങ്ങി നൽകിയത്. ഒരാൾക്ക് കൂടുതൽ ചിക്കൻ പീസ് ലഭിച്ചതാണ് തർക്കത്തിന് കാരണം. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
തമ്മിൽ തല്ലിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപ്രവർത്തകർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. ഇവർ തമ്മിൽ മുൻപു തന്നെ തർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം.