ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ വേവിക്കാത്ത കോഴിത്തല; ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു

ഏഴൂര്‍ പി സി പടിയിലെ കളരിക്കല്‍ പ്രതിഭ എന്ന അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
Biriyani, representative image
Biriyani, representative image

മലപ്പുറം: തിരൂരില്‍ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചു. വാങ്ങിയ നാലു ബിരിയാണിയില്‍ ഒന്നിലാണ് കോഴിത്തല കണ്ടെത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. തിരൂര്‍ മുത്തൂരിലെ 'ഓണ്‍ലൈന്‍ പൊറോട്ട സ്റ്റാള്‍' ഹോട്ടലാണ് പൂട്ടിച്ചത്. ഏഴൂര്‍ പി സി പടിയിലെ കളരിക്കല്‍ പ്രതിഭ എന്ന അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം രാത്രി പ്രതിഭ മുത്തൂരിലെ ഹോട്ടലില്‍ നിന്ന് മൂന്ന് ബിരിയാണി ഓർഡർ ചെയ്‌തു. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച ശേഷം മൂന്നാമത്തെ കവര്‍ തുറന്നപ്പോഴാണ് ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല ലഭിച്ചത്. തുടര്‍ന്ന് പ്രതിഭ ഉടന്‍ തന്നെ തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പരാതി നല്‍കുകയായിരുന്നു.

ഭക്ഷ്യസുരക്ഷ എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ എം എന്‍ ഷംസിയ എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി. അന്വേഷണത്തിൽ ഹോട്ടലിന് ലൈസന്‍സില്ലെന്നും പരിസരം വൃത്തിഹീനമാണെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസര്‍ എം എന്‍ ഷംസിയ പറഞ്ഞു. തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com