കോട്ടയം: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരേ പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുമെന്നും, എല്ലാ കാര്യവും ശരിയായ നിലയിൽ ഒരു മുന്‍വിധിയുമില്ലാതെ സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട എസ്പി എസ്. സുജിത്ദാസിനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി.
കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എഡിജിപി അടക്കം വേദിയിലിരിക്കെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ''ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രശ്നങ്ങൾ എല്ലാ ഗൗരവവും നിലനിർത്തി തന്നെ അന്വേഷിക്കും. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ല. ലംഘിച്ചാൽ നടപടിയുണ്ടാവും'', മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, നടപടിയും നടപടിയും ഉണ്ടാകുമെന്നു പറയുമ്പോഴും പി.വി. അൻവറിനെ കുറ്റപ്പെടുത്താത്ത നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നതും ശ്രദ്ധേയം.
''നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് ഒരാള്‍ക്കും ആരോപണം ഉന്നയിക്കാനാകില്ല. പൊലീസില്‍ അടുത്ത കാലത്ത് വലിയ മാറ്റങ്ങളുണ്ടായി. മുൻ കാലത്ത് മർദനോപകരണങ്ങളായിരുന്നു പൊലീസ്. അതിൽ നിന്നു മാറി ജനസേവകരായി പൊലീസ് മാറി. പുരോഗമന സർക്കാരുകൾ അതിന് വഴിയൊരുക്കി. എങ്കിലും അതില്‍നിന്ന് മുഖം തിരിച്ച് നില്‍ക്കുന്നവരുണ്ട്. അത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു. അത്തരക്കാരെ പൊലീസില്‍ ആവശ്യമില്ല.
സേനയിലെ പുഴുക്കുത്തുക്കളെ പൊലീസില്‍നിന്ന് ഒഴിവാക്കും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. 108 പേരെ കഴിഞ്ഞ കാലയളവിൽ പുറത്താക്കി. സമാന നടപടി ഇനിയും തുടരും. കളങ്കിതരായവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരേ നടപടിയുണ്ടാകും. മുന്നിൽ വരുന്ന വിഷയങ്ങളിൽ മനുഷ്യത്വവും നീതിയുമാണ് പൊലീസ് ഉയർത്തിപ്പിടിക്കേണ്ടത്. സ്വതന്ത്രവും നീതിപൂർവവുമായി പ്രവർത്തിക്കാൻ ഇവർക്ക് കഴിയണം'', മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.