
മുഖ്യമന്ത്രിയും ഗവർണറും ഒരേ വേദിയിൽ; ഭാരതാംബ പുറത്ത്
തിരുവനന്തപുരം: സർക്കാർ- ഗവർണർ അഭിപ്രായ ഭിന്നതകൾക്കിടെ രാജ്ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ് ഭവനിന്‍റെ മാസികയായ രാജഹംസത്തിന്‍റെ പ്രകാശനത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തിയത്. തിരുവനന്തപുരം എംപി ശശി തരൂരും വേദിയിലുണ്ടായിരുന്നു.
മുഖ്യമന്ത്രിയെ വിളക്ക് തെളിയിക്കാനായി ആദ്യം ക്ഷണിക്കുകയായിരുന്നു. തുടർന്ന് ശശി തരൂർ എംപിയും ഗവർണർ രാജേന്ദ്ര അർലേക്കറും വിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മാസിക മുഖ്യമന്ത്രി ശശി തരൂരിന് നൽകി പ്രകാശനം ചെയ്തു. വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമില്ല എന്നത് ശ്രദ്ധ നേടി.
എന്നാൽ മാസികയുടെ ഉള്ളടക്കത്തിൽ മുഖ്യമന്ത്രി വിയോജിപ്പ് രേഖപ്പെടുത്തി. ആർട്ടിക്കിൾ 200 വ്യാഖ്യാനിക്കുന്ന ഭാഗത്തോടാണ് വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് ഗവര്‍ണര്‍ പ്രതികരിച്ചില്ല.