
കോട്ടയം: ലൈഫ് പോലെയുള്ള പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ടമനസുള്ള ചിലര്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇത്തരം ദുഷ്ടമനസുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി മാറി- 2021 ഒക്റ്റോബർ 16നുണ്ടായ കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സിപിഎം ജില്ലാ കമ്മിറ്റി നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ കൈമാറുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുദ്ദേശ്യത്തോടെ ഇത്തരം വ്യക്തികള്‍ വലിയൊരു പദ്ധതിക്കെതിരേ പരാതികളുമായി ചെന്നു. അതോടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ വന്ന് വട്ടമിട്ടു പറന്നു. കുപ്രചാരണം അഴിച്ചുവിട്ടെങ്കിലും ലൈഫ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. വലിയ കോപ്പോടെ വന്നവര്‍ക്ക് ഒന്നും ചെയ്യാനായില്ല. അതോടെ അല്‍പം ജാള്യതയോടെ ഒതുങ്ങിനില്‍ക്കുന്നു.
2016ല്‍ യുഡിഎഫ് ജയിച്ചിരുന്നെങ്കില്‍ രണ്ടുവര്‍ഷത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക ആലോചിക്കാന്‍ കഴിയാത്തത്ര വര്‍ഷമായി ദീര്‍ഘിക്കുമായിരുന്നു. ആ തുച്ഛമായ കാശു ലഭിക്കാതെ മരണപ്പെട്ടവരുടെ എണ്ണവും കൂടുമായിരുന്നു. ഇപ്പോള്‍ അതല്ല അവസ്ഥ.
ഭൂപതിവ് നിയമ ഭേദഗതി നിയമസഭ പാസാക്കി. എന്നാല്‍, അത് നിയമമായില്ല. അതില്‍ ഒപ്പിടേണ്ട ഗവര്‍ണര്‍ ആര്‍ക്കും മനസിലാകാത്ത നിലപാടുകള്‍ സ്വീകരിക്കുന്നു. അതിനെതിരേ കര്‍ഷകര്‍ക്കു വേണ്ടി ഒരക്ഷരം സംസാരിക്കാന്‍ യുഡിഎഫോ, ബിജെപിയോ തയാറാകുന്നില്ല. ഇടുക്കിയിലെ എല്‍ഡിഎഫുകാര്‍ക്ക് വേണ്ടി മാത്രമല്ല, ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണിത്. നിയമ ഭേദഗതിയില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ താമസിക്കുന്ന രാജ്ഭവനിലേക്ക് കര്‍ഷകരുടെ സംഘടിത മാര്‍ച്ച് നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. എന്തിനും ഒരു അതിരുണ്ട്- മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
25ല്‍ 24 വീടുകളുടെ ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെയാണു കണ്ടെത്തിയത്. വീടു നിർമിക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കായി 2 ഏക്കര്‍ 10 സെന്‍റ് സ്ഥലം സിപിഎം വാങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍, മന്ത്രി വി.എന്‍. വാസവൻ തുടങ്ങിയവർ താക്കോല്‍ദാന ചടങ്ങിൽ പങ്കെടുത്തു.