ബില്ലുകൾ വൈകിക്കുന്നു; രാഷ്ട്രീയ യജമാനന്മാർക്കു വേണ്ടി ഗവർണർമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി

യുജിസി കരട് നിര്‍ദേശങ്ങളിൽ തിരുത്തൽ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു
chief minister pinarayi vijayan against ugc bills and governor
ബില്ലുകൾ വൈകിക്കുന്നു; രാഷ്ട്രീയ യജമാനന്മാർക്കു വേണ്ടി ഗവർണർമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി
Updated on

തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങളിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്കരിക്കാനാണ് നീക്കമെന്നും, ഫെഡറലിസത്തെ തകര്‍ക്കുന്നതാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുജിസി കരട് നിര്‍ദേശങ്ങളിലെ വൈസ് ചാൻസലർ നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്നും, സംസ്ഥാനങ്ങളുടെ അധികാരത്തെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരെയും വിസിയാക്കാൻ ചാന്‍സലര്‍ക്ക് അധികാരം നൽകുന്നതാണ് കരട് നിര്‍ദേശം. നിയമസഭകളുടെ അധികാരത്തെയാണ് ഇതിലൂടെ വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍മാര്‍ക്കെതിരേയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളെ സമ്മര്‍ദത്തിലാക്കാൻ ശ്രമിക്കുകയാണ്. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാൻ വൈകുന്നു. രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുകയാണ്. ഗവര്‍ണര്‍മാര്‍ ചാൻസലര്‍ എന്ന നിലയ്ക്ക് രാഷ്ട്രീയ ഇടപെടൽ നടത്തുകയാണ്. കേരളത്തിലും സമാന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യുജിസി കരട് റെഗുലേഷനെതിരേ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭാ മന്ദിരത്തിൽ നടത്തുന്ന കണ്‍വൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുത്തു. കണ്‍വെൻഷനിൽ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തില്ല. തെലങ്കാന ഉപമുഖ്യമന്ത്രി, കർണാടക, തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിമാർ അടക്കം പരിപാടിയിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com