
'കുട്ടികൾക്ക് അറിവ് മാത്രം പോര, തിരിച്ചറിവ് കൂടിയുണ്ടാവണം'; സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെന്‍റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, സാംസ്ക്കാരിക മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ യു പ്രതിഭ, ദലീമ ജോജോ, മുഹമ്മദ് മുഹ്സിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കുട്ടികൾക്ക് അറിവ് മാത്രം പോര, തിരിച്ചറിവ് കൂടിയുണ്ടാവണം. അറിവ് ഉണ്ടാകുകയും തിരിച്ചറിവ് ഇല്ലാതിരിക്കുകയും ചെയ്താൽ അത് ദോഷകരമായി ബാധിക്കും. അറിവും അത് പ്രായോഗികമാക്കാനുള്ള സാമർഥ്യവും വേണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തിരിച്ചറിവുണ്ടാവുകയാണ് പ്രധാനം. മാനവികതയുടെ പ്രകാശം ലഭിക്കണം. സഹജീവി സ്നേഹമുണ്ടാകണംയ കുഞ്ഞുങ്ങളിൽ മതനിരപേക്ഷ ചിന്തയും ജനാധിപത്യ ബോധവും വളർത്തിയെടുക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക പുരോഗതിയുടെ അടിസ്ഥാനം അറിവാണ്. എന്താണ് അറിവ് എന്ന ചോദ്യം എക്കാലത്തും പ്രധാനമാണ്. മൂല്യങ്ങൾ കുട്ടികൾക്ക് നൽകാൻ കഴിയുന്ന പൊതുവിടങ്ങളാണ് വിദ്യാലയങ്ങൾ. ചില ഇടങ്ങളിൽ എങ്കിലും കുട്ടികൾ സംഘം ചേർന്ന് മോശമായി പെരുമാറുന്നുണ്ട്. എല്ലാത്തിനെയും വിമർശനാത്മകമായി സമീപിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.