
പിണറായി വിജയൻ
തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം ആശങ്കയുണ്ടാകുന്നതാണെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ. കപ്പലിൽ 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നതായും അതിൽ 73 എണ്ണം ശൂന‍്യമായിരുന്നുവെന്നും മുഖ‍്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തുണിയും പ്ലാസ്റ്റിക്കും കണ്ടെയ്നറുകളിൽ ഉൾപ്പെട്ടിരുന്നുവെന്നും അതിൽ 13 കണ്ടെയ്നറുകളിൽ കാൽസ‍്യം കാർബൈഡും ഒരെണ്ണം റബർ കോമ്പൗണ്ട് അടങ്ങിയതായിരുന്നുവെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു.
100 കണ്ടെയ്നറുകൾ കടലിൽ വീണതായാണ് കരുതപ്പെടുന്നത്. ഇതിൽ 54 കണ്ടെയ്നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരത്ത് അടിഞ്ഞു. നർഡിൽസ് എന്ന പ്ലാസ്റ്റിക് തരികൾ തിരുവനന്തപുരത്ത് അടിഞ്ഞിട്ടുണ്ടെന്നും പരിസ്ഥിതി തൊഴിൽ നഷ്ടങ്ങൾ കണക്കാക്കുന്നതിനായി എംഎസ്‌സി കമ്പനിയുമായി ചർച്ച നടത്തിയതായും മുഖ‍്യമന്ത്രി പറഞ്ഞു.
കപ്പൽ അപകടം മത്സ‍്യത്തൊഴിലാളി കുടുംബങ്ങളെ ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മത്സ‍്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസത്തിനായി ഓരോ കുടുംബത്തിനും 1,000 രൂപയും 6 കിലോ അരിയും സൗജന‍്യ റേഷനും നൽകുമെന്നും മുഖ‍്യമന്ത്രി അറിയിച്ചു.