മുല്ലപ്പെരിയാർ വിഷയം ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

യോഗത്തിൽ പങ്കെടുത്ത തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ സാന്നിധ്യത്തിലാണ് വി.ഡി. സതീശൻ മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ചത്
Chief Minister V.D. Satheesan, who arrived to attend the Southern Zonal Council meeting, with Tamil Nadu Chief Minister Joseph Vijay.

ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യിക്കൊപ്പം

Updated on

ചെന്നൈ: തമിഴ്നാട്ടിൽ നടന്ന 31-ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം ഉന്നയിച്ച് കേരളം മുഖ്യമന്ത്രി വി.ഡി. സതീശൻ. ആരോഗ്യരംഗം, അടിസ്ഥാനസൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, പ്രാദേശിക സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച ചെന്നൈയ്ക്ക് സമീപത്തെ മഹാബലിപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

മുല്ലപ്പെരിയാർ വിഷയമാണ് യോഗത്തിൽ ഉന്നയിച്ച പ്രധാന സംസ്ഥാന വിഷയങ്ങളിലൊന്നെന്ന് മുഖ്യമന്ത്രി എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി. പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചാൽ തമിഴ്നാടിന് നിലവിൽ ലഭിക്കുന്ന മുഴുവൻ ജലവിഹിതവും നൽകാൻ കേരളം തയ്യാറാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. പുതിയ അണക്കെട്ടിന്‍റെ രൂപകൽപന, സ്ഥലം, നിർമാണം എന്നിവ തമിഴ്നാട് നിർവഹിക്കട്ടെയെന്നും അതിന്‍റെ മുഴുവൻ ചെലവും കേരളം വഹിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അണക്കെട്ട് സുരക്ഷിതമാണെന്ന നിലപാടാണ് തമിഴ്നാട് തുടക്കം മുതൽ സ്വീകരിച്ചുവരുന്നത്. എന്നാൽ അണക്കെട്ട് സുരക്ഷിതമല്ലെന്നാണ് കേരള സർക്കാരിന്‍റെ നിലപാട്. ജലനിരപ്പ് ഉയർന്നാൽ അണക്കെട്ട് തകരുന്ന സാഹചര്യത്തിൽ താഴ്‌വരയിൽ താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകാമെന്നും അതിനാൽ നിലവിലെ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നുമാണ് കേരളം ആവശ്യപ്പെടുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും യോഗത്തിൽ പങ്കെടുത്തിരുന്നു. വിജയ്‌യുടെ സാന്നിധ്യത്തിലാണ് വി.ഡി. സതീശൻ മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ചത്.

കേരളം സർക്കാരിന്‍റെ ‘മിഷൻ സമുദ്ര’ പദ്ധതിയും വി.ഡി. സതീശൻ യോഗത്തിൽ ഉന്നയിച്ചു. മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്‍റ് ആൻഡ് റെഗുലേഷൻ) നിയമത്തിൽ അടുത്തിടെ വരുത്തിയ ഭേദഗതികൾ പിൻവലിക്കണമെന്നും പാർലമെന്‍റിലെ വനിതാ സംവരണം സഭയിലെ അംഗസംഖ്യ വർധിപ്പിക്കാതെ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com