chief minister will inaugurate the onam vegetable scheme
''ഓണത്തിനൊരു മുറം പച്ചക്കറി'' പദ്ധതി ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

''ഓണത്തിനൊരു മുറം പച്ചക്കറി'' പദ്ധതി ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

കൃഷിമന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍ രാവിലെ 11.30ന് സെക്രട്ടേറിയറ്റ് ഉദ്യാനത്തിലാണ് ചടങ്ങ്
Published on

തിരുവനന്തപുരം: പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക, സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്കാരം ഉണര്‍ത്തുക, സുരക്ഷിത പച്ചക്കറി ഉല്‍പാദനം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന "ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതി സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കൃഷിമന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍ ബുധനാഴ്ച രാവിലെ 11.30ന് സെക്രട്ടേറിയറ്റ് ഉദ്യാനത്തിലാണ് ചടങ്ങ്. ഓണ വിപണിയില്‍ നാടന്‍ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണിയില്‍ ഉണ്ടായേക്കാവുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയിലൂടെ ആവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൃഷി വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പൊതുസമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്‍ചട്ടിയിലും നിലത്തുമായി 13 വിവിധ ഇനങ്ങളിലുള്ള പച്ചക്കറികള്‍ സെക്രട്ടേറിയറ്റ് അങ്കണത്തിലെ കൃഷിക്ക് വേണ്ടി ഉപയോഗിക്കും.

ഓണത്തിന് വിളവെടുപ്പ് ഉദ്ദേശിച്ച് ഓറഞ്ച് ,മഞ്ഞ നിറത്തിലുള്ള 1,200 ഹൈബ്രിഡ് ജമന്തി തൈകളും അങ്കണത്തില്‍ നടാന്‍ തീരുമാനിച്ചിട്ടുണ്ട്. 560 ചെടിച്ചട്ടികളില്‍ വഴുതന, കത്തിരി, മുളക്, തക്കാളി, വെണ്ട എന്നീ ഇനങ്ങളുടെ ഹൈബ്രിഡ് തൈകള്‍ നടും. ചീര, മത്തന്‍, നിത്യവഴുതന, പടവലം, വെള്ളരി, സാലഡ് വെള്ളരി, പയര്‍, പാവല്‍ എന്നീ പച്ചക്കറികള്‍ നിലത്തും നട്ട് പരിപാലിക്കും.

ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളിലൂടെയും വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്യും. ഉദ്ഘാടന വേളയില്‍ വിവിധ വകുപ്പ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

logo
Metro Vaartha
www.metrovaartha.com