

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നു രണ്ടുവയസുകാരിയെ കാണാതായ സംഭവത്തിൽ മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെ കുഴപ്പിക്കുന്നു. കുഞ്ഞിനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയെന്ന സഹോദരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഈർജിതമാക്കിയിരിക്കുന്നത്. എന്നാൽ, തട്ടിക്കൊണ്ടു പോകുന്നത് കണ്ടില്ലെന്നും ഇളയ സഹോദരൻ കണ്ടെന്നും മൂത്ത സഹോദരൻ മൊഴി മാറ്റി. ഇതോടെ തട്ടിക്കൊണ്ടുപോകൽ സ്ഥിരീകരിക്കാനാവാത്ത സ്ഥിതിയിലായി പൊലീസ്.
മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മഞ്ഞ ആക്‌ടീവ സ്കൂട്ടർ കേന്ദ്രീകരിച്ചാണ് അന്വേഷണം. മയക്കു മരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കറുപ്പും വെളുപ്പും ചേർന്ന നിറത്തിലുള്ള ടീഷർട്ടാണ് കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരിക്കുന്നത്. കാണാതായ മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കേണ്ട നമ്പറുകൾ: 0471-2501801, 9497990008,9497947107.
ബിഹാർ സ്വദേശികളായ അമർദീപ്-റബീന ദേവി എന്നിവരുടെ കുഞ്ഞ് മേരിയെയാണ് കാണാതായത്. ഓൾ സെയിന്‍റ്സ് കോളെജിനു സമീപത്തു നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചും, കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തെ ചതുപ്പിലും പരിശോധന നടത്തുന്നുണ്ട്. കാണാതായ കുട്ടിയുടെ ഒപ്പമെത്തിയ ഇതര സംസ്ഥാനക്കാരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.