

"ആൺകുട്ടികൾക്കും മുടി വളർത്താൻ അവകാശമുണ്ട്, ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ല": ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: ആൺകുട്ടികൾക്ക് തലമുടി നീട്ടി വളർത്താൻ പൂർണ അവകാശമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. മുടി വളർത്തിയതിന്‍റെ പേരിൽ ആൺകുട്ടികളേയും ട്രാൻസ്ജെൻഡർ കുട്ടികളെയും സ്കൂൾ അധികൃതർ മാറ്റിനിർത്താനോ വിവേചനപരമായി പെരുമാറാനോ ശിക്ഷിക്കാനോ പാടില്ല. കുട്ടികളുടെ ബാഹ്യരൂപത്തേക്കാൾ അവരുടെ പഠനപുരോഗതിക്കും വ്യക്തിത്വവികസനത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും കമ്മിഷൻ അംഗം പി. ഷാജേഷ് ഭാസ്കർ വ്യക്തമാക്കി.
ആൺകുട്ടികളുടെ മുടി വെട്ടുന്നതുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിച്ചാണ് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടത്. ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾ അവരുടെ താൽപ്പര്യത്തിന് അനുസരിച്ച് മുടി പരിപാലിക്കുന്നതിനും ഡ്രസ് കോഡ് തെരഞ്ഞെടുക്കുന്നതിനും പൂർണ അവകാശമുണ്ടായിരിക്കും. എന്നാൽ മുടി വളർത്തുന്ന കുട്ടികൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കുന്നു.
കണ്ണുകളോ മുഖമോ മറയാത്ത രീതിയിൽ വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കാനുള്ള ചുമതല കുട്ടികൾക്കുണ്ട്. ലാബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ. പ്രാക്റ്റിക്കൽ ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി നിർബന്ധമായും മുടി കെട്ടിവയ്ക്കുകയോ ഹോയർ ബാൻഡ് ഉപയോഗിച്ച് മുടി ഒതുക്കിവെക്കുകയോ ചെയ്യണം. ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള കെമിക്കൽ വസ്തുക്കളോ കളറുകളോ മുടിയിൽ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ ഇതുസംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കിയിട്ടില്ല. അതിനാൽ അടിയന്തിരമായി മാർഗനിർദേശങ്ങൾ തയാറാക്കണമെന്നും ആൺകുട്ടികളേയും ലിംഗനിർണം നടത്താത്ത കുട്ടികളേയും കേട്ട ശേഷം തീരുമാനമെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കമ്മിഷന്‍റെ ശുപാർശയിൽ എതിർകക്ഷികൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
മുടിവളർത്തിയ ആൺകുട്ടികളെ കുറ്റവാളികളായി സ്കൂൾ അധികൃതർ ചിത്രീകരിക്കുന്നുവെന്ന് കാണിച്ച രാമനാട്ടുകര സ്വദേശി ഇന്ദുമേനോനാണ് ഹർജി നൽകിയത്. കൂടാതെ പ്ലസ് വണ്ണിന് പഠിക്കുന്ന ആൺകുട്ടിയോട് മുടിവെട്ടിവരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിൽ മാർഗനിർദേശം തേടി കോട്ടക്കൽ സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സമർപ്പിച്ച ഹർജിയും പരിഗണിച്ചാണ് കമ്മിഷന്‍റെ ഉത്തരവ്.