പോഷകാഹാരക്കുറവ് മൂലം 2 വയസുകാരൻ മരിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മിഷൻ‌

മാധ‍്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബാലവകാശ കമ്മിഷൻ അംഗം സി. ജലജ മോളാണ് നടപടി സ്വീകരിച്ചത്
Child Rights Commission registers case following death of 2-year-old due to malnutrition

പോഷകാഹാരക്കുറവ് മൂലം 2 വയസുകാരൻ മരിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മിഷൻ‌

Updated on: 

ഹരിപ്പാട്: പോഷാഹാരക്കുറവ് മൂലം ഹരിപ്പാട് രണ്ടുവയസുകാരൻ മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലവകാശ കമ്മിഷൻ കേസെടുത്തു. മാധ‍്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബാലവകാശ കമ്മിഷൻ അംഗം സി. ജലജ മോളാണ് നടപടി സ്വീകരിച്ചത്.

ജില്ലാ മെഡിക്കൽ ഓഫിസർ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്‍റ് സർവീസസ് (ഐസിഡിഎസ്) സൂപ്പർവൈസർ എന്നിവരിൽ നിന്നും വിശദീകരണം തേടിയതായി കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വിഷയം തന്‍റെ ശ്രദ്ധയിൽപ്പെട്ടതായും തന്‍റെ മണ്ഡലത്തിൽ നിന്നുള്ളവരാണ് ഈ കുടുംബമെന്നും ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്‍റെ ഭാഗത്ത് നിന്നും എന്തെങ്കിലും സഹായം നൽകേണ്ടതുണ്ടെങ്കിൽ അത് നൽകാൻ തയാറാണെന്നും തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ‍്യോഗസ്ഥരെ അവിടേയ്ക്ക് അയച്ചിട്ടുണ്ടെന്നും കാര‍്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ‍്യമങ്ങളോട് വ‍്യക്തമാക്കി.

ഞായറാഴ്ചയാണ് രണ്ടുവയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിക്ക് പോഷകാഹാരക്കുറവ് ഉണ്ടായിരുന്നതായി പറയുന്നു. 12 കിലോ ഭാരം ഉണ്ടാകേണ്ട സ്ഥാനത്ത് കുട്ടിക്ക് 7.6 കിലോ മാത്രമായിരുന്നു ഭാരമെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ കുട്ടിയുടെ പിതാവ് ഭാര‍്യയ്ക്കും മക്കൾക്കുമൊപ്പം കാർത്തികപ്പള്ളിയിലാണ് താമസിക്കുന്നത്. രാജേഷ്-താര ദമ്പതികൾക്ക് 7 മക്കളാണുള്ളത്.

മറ്റൊരു കുട്ടി നേരത്തെ മരണപ്പെട്ടതായും അധികൃതർ അറിയിച്ചു. ശനിയാഴ്ചയാണ് കുട്ടിയുടെ അമ്മയെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്.

logo
Metro Vaartha
www.metrovaartha.com