

ചിറയൻകീഴിലെ കൈയാങ്കളി; രമ‍്യ ഹരിദാസിനെ കെപിസിസി ഭാരവാഹിത്വത്തിൽ നിന്നും നീക്കണമെന്ന് ആവശ‍്യം
തിരുവനന്തപുരം: ചിറയിൻകീഴ് പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കൈയാങ്കളിക്കു പിന്നാലെ രമ‍്യ ഹരിദാസ് എംഎൽഎയെ കെപിസിസി ഭാരവാഹിത്വത്തിൽ നിന്നും പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ‍്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. കൈയാങ്കളി വിവാദത്തിലൂടെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ രമ‍്യ ഹരിദാസിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ ആവശ‍്യം.
അതേസമയം, പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന് ആവശ‍്യപ്പെട്ട് സ്പീക്കറെ സമീപിച്ചതിൽ നേതാക്കൾക്ക് എതിർപ്പുള്ളതായാണ് വിവരം. സെപ്റ്റംബർ 10ന് നടക്കുന്ന കെപിസിസി ഭാരവാഹി യോഗത്തിനു ശേഷമായിരിക്കും ഇക്കാര‍്യത്തിൽ തുടർനടപടിയുണ്ടാകുക.
ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാളയം പ്രദീപിനെയും പ്രാദേശിക കോൺഗ്രസ് നേതാവ് സജാദിനെയും കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും രമ‍്യ ഹരിദാസിനെതിരേ നടപടി സ്വീകരിച്ചിരുന്നില്ല. രമ‍്യ ഹരിദാസ് ആണ് ആദ‍്യം അടിച്ചതെന്ന് പുറത്തുവന്ന ദൃശ‍്യങ്ങളിൽ നിന്നും വ‍്യക്തമായിട്ടും നടപടിയെടുക്കാത്തതിൽ വ‍്യാപക വിമർശനം ഉയർന്നിരുന്നു.