
കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയ്ക്ക് സംഭവിച്ചത് ഷാൾ കഴുത്തിൽ മുറികിയതു മൂലമുണ്ടായ മസ്തിഷ്ക മരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരമാസകലം മുറിപ്പാടുകളുണ്ടെന്നും പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം 3 മണിയോടെ സംസ്ക്കരിച്ചു. അനൂപ് ജേക്കബ് എംഎൽഎ അടക്കം നാട്ടുകാരും ബന്ധുക്കളും ആദരാഞ്ജലി അർപ്പിക്കാനെത്തി.
വെള്ളിയാഴ്ച വൈകിട്ട് മരിച്ച പെൺകുട്ടിയുടെ മൃതദേഹം രാവിലെയോടെയാണ് കളമശേരി മെഡിക്കൽ കോളെജിലെത്തിച്ചത്. പ്രതിക്കെതിരേ കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തുമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പ്രതി അനൂപ് നിലവിൽ റിമാൻഡിലാണ്. നിലവിൽ ബലാത്സംഗം, വധശ്രമം എന്നീ കേസുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.
2021 ലെ പോക്സോ കേസ് അതിജീവിതയാണ് പെൺകുട്ടി. കഴിഞ്ഞ ദിവസമാണ് ചോറ്റാനിക്കരയിൽ അർധനഗ്നയായി പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. പിന്നാലെ പെൺകുട്ടിയുടെ മുൻ കാമുകൻ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.
ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലാവുകയും തുടർന്ന് പ്രണയത്തിലാവുകയും ചെയ്യുന്നത്. അനൂപ് മുൻപും പല കേസുകളിലും പ്രതിയാണെന്ന് വിവരമുണ്ട്. സംശയത്തിന്‍റെ പേരിലാണ് പെൺകുട്ടിയെ ഇത്രയുമധികം മർദിച്ചതെന്നാണ് അനൂപ് മൊഴി നൽകിയത്. ക്രൂര മർദനത്തിനു ശേഷം പെൺകുട്ടി മരിച്ചെന്നു കരുതിയാണ് താൻ അവിടെ നിന്ന് പോന്നതെന്നും യുവാവ് മൊഴി നൽകിയിട്ടുണ്ട്.