റെക്കോഡ് വിൽപ്പനയിൽ ക്രിസ്മസ് - നവവത്സര ബംപർ; ഇതുവരെ വിറ്റുപോയത് 13 ലക്ഷത്തിലധികം ടിക്കറ്റുകൾ

2.50 ലക്ഷം ടിക്കറ്റുകൾ ഇതിനോടകം പാലക്കാട് ജില്ലയിൽ മാത്രം വിറ്റഴിച്ചത്.
Christmas - New Year bumper 2024 in record sales
റെക്കോഡ് വിൽപ്പനയിൽ ക്രിസ്മസ് - നവവത്സര ബംപർ
Updated on

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്മസ് - നവവത്സര ബംപർ 2024 - 25 ലോട്ടറിക്ക് (BR -101) റെക്കോഡ് വില്പന. ഈ മാസം 17 ന് വില്പന തുടങ്ങിയ ബംപർ ടിക്കറ്റിന്‍റെ സിംഹഭാഗവും ഇതിനോടകം വിറ്റു പോയതായി വിവിധ ജില്ലകളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് - നവവത്സര ബംപർ ടിക്കറ്റ് വില്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിവേഗ വില്പനയാണ് ഇപ്പോൾ നടക്കുന്നത്.

ആകെ 20 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഡിസംബർ 23 വൈകിട്ട് 5 വരെ 13 ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റു പോയി. 2.50 ലക്ഷം ടിക്കറ്റുകൾ ഇതിനോടകം പാലക്കാട് ജില്ലയിലാണ് വിറ്റഴിച്ചത്. 1.53 ലക്ഷം ടിക്കറ്റുകൾ ചെലവഴിച്ച് തലസ്ഥാന ജില്ലയായ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 1.34 ലക്ഷം ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

20 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ് - നവവത്സര ബംപറിന് ഏറെ ആകർഷകമായ സമ്മാനഘടനയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കു നൽകുന്നതോടൊപ്പം10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്കും മൂന്നാം സമ്മാനം നൽകും. നാലാം സമ്മാനമാകട്ടെ ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ 3 ലക്ഷം രൂപവീതം 20 പേർക്കും നൽകുന്നുണ്ട്. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതവും ലഭിക്കും. 2025 ഫെബ്രുവരി 5 ന് നറുക്കെടുക്കുന്ന ക്രിസ്മസ് - നവവത്സര ബംപറിന് 400 രൂപയാണ് വില.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com