"വിമാനയാത്ര ജനകീയമാക്കണം, ചെലവ് കുറയ്ക്കണം'': മുഖ്യമന്ത്രി പിണറായി വിജയൻ

സിയാൽ ഏവിയേഷൻ സമ്മിറ്റിന് തുടക്കം
cial Aviation Summit begins

"വിമാനയാത്ര ജനകീയമാക്കണം, ചെലവ് കുറയ്ക്കണം'': മുഖ്യമന്ത്രി പിണറായി വിജയൻ

Updated on

കൊച്ചി: വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാ ചെലവും പ്രവർത്തന ചെലവും കുറയ്‌ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യോമയാന വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ആസൂത്രിതമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഫിക്കിയുടെ സഹകരണത്തോടെ സിയാൽ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി ( കേരള ഏവിയേഷൻ സമ്മിറ്റ് 2025) ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലധന ചെലവ് കുറച്ച്, സമയനഷ്ടമില്ലാതെ യാത്ര ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ വിമാനത്താവളങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്.

പ്രവാസികളുടെ യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും വിമാനത്താവളങ്ങൾ വലിയ പങ്ക് വഹിച്ചു. വ്യോമയാന വ്യവസായത്തിൽ സിയാൽ ജനകീയ മാതൃക തീർത്തെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുപ്പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച സിയാൽ സാങ്കേതിക വിദ്യാ മാറ്റങ്ങൾ പൂർണമായും ഉൾക്കൊണ്ടു. വ്യോമഗതാഗതം ശക്തിപ്പെടുന്നത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കും. സിവിൽ ഏവിയേഷൻ ഹബ്ബായി മാറാൻ കേരളത്തിന് ഏറെ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ, പ്രാദേശിക വ്യോമയാന ചർച്ചകളിൽ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നും നിക്ഷേപ, നവീകരണ സാദ്ധ്യതകൾ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എയർപോർട്ട് ഹെൽത്ത്‌ ഓഫീസ് (എപിഎച്ച്ഒ) സിയാലിൽ ആരംഭിക്കുന്ന എയർപോർട്ട് ആരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ആരോഗ്യ കേന്ദ്രത്തിന്റെ താക്കോൽദാനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു.

മന്ത്രി പി. രാജീവ്‌ അധ്യക്ഷനായ ചടങ്ങിൽ, ചാലക്കുടി എം.പി. ബെന്നി ബഹനാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിയാൽ ഡയറക്ടർമാരായ അരുണ സുന്ദർരാജൻ, എൻ.വി. ജോർജ്, വർഗീസ് ജേക്കബ്, ഡെപ്യുട്ടി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഡോ. എസ്. സെന്തിൽ നാഥൻ, ഫിക്കി സീനിയർ ഡയറക്ടർ മനോജ് മേത്ത എന്നിവരും പങ്കെടുത്തു.

സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതവും എയർപോർട്ട് ഡയറക്ടർ ജി. മനു നന്ദിയും പറഞ്ഞു. കേരളത്തിലെ വ്യോമയാന സൗകര്യങ്ങളും നിക്ഷേപക സാധ്യതകളും പ്രയോജനപ്പെടുത്തുക, കേരളത്തെ ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുക, പ്രാദേശിക ഏവിയേഷൻ, ലോജിസ്റ്റിക്സ് ഹബ് എന്നിവ ശക്തിപ്പെടുത്തുക, ഡിജിറ്റൽ എയർ ട്രാവൽ, എം ആർ ഓ ഇക്കോ സിസ്റ്റം എന്നിവയെ കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഏവിയേഷൻ മേഖലയിലെ തന്ത്രപ്രാധാന മാറ്റങ്ങൾ, നയരൂപീകരണം, അടിസ്‌ഥാന സൗകര്യ വികസനം തുടങ്ങിയവ ഉച്ചകോടി ചർച്ച ചെയ്യും. ഉച്ചകോടി ഞായറാഴ്ച സമാപിക്കും. ഉച്ചയ്ക്ക് 12 നു നടക്കുന്ന സമാപന സമ്മേളനം, കൊച്ചി മുനിസിപ്പൽ കോർപറേഷൻ മേയർ എം. അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com