
പിണറായി വിജയൻ
file image
തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാൽ നടപ്പിലാക്കുന്നത് 1,400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിയാൽ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി.
2024 -2025 സാമ്പത്തിക വർഷം 1,142 കോടി രൂപയാണ് സിയാലിന്‍റെ മൊത്ത വരുമാനം. ലാഭം 489 .84 കോടി. നിക്ഷേപകർക്ക് ഡയറക്റ്റർ ബോർഡ് ശുപാർശ ചെയ്ത 50 ശതമാനം ലാഭവിഹിതം വാർഷിക പൊതുയോഗം അംഗീകരിച്ചു.
2024-25 സാമ്പത്തിക വർഷത്തിൽ, സിയാലിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനവും ലാഭവും രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
"സാമ്പത്തിക അഭിവൃദ്ധിയിൽ മാത്രമല്ല, ഓപ്പറേഷണൽ മികവിലും, യാത്രക്കാരുടെ സംതൃപ്തി രേഖപ്പെടുത്തുന്ന സർവെകളിലും സിയാൽ തിളക്കമാർന്ന നേട്ടം കൈവരിച്ച വർഷമാണ് കടന്നുപോയത്. തുടർച്ചയായ മൂന്നാം സാമ്പത്തിക വർഷത്തിലും ഒരു കോടിയിലധികം യാത്രക്കാർ കൊച്ചി വിമാനത്താവളം വഴി കടന്നുപോയി. 76,068 സർവീസുകളാണ് ഈ കാലയളവിൽ സിയാൽ കൈകാര്യം ചെയ്തത്.
ഇന്ത്യൻ വ്യോമയാന മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റത്തെ ഉൾക്കൊള്ളാൻ, വൻകിട പദ്ധതികളാണ് സിയാൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര ടെർമിനൽ വികസനം അതിവേഗം പുരോഗമിക്കുന്നു.
ഇതിന്‍റെ ഭാഗമായുള്ള പുതിയ ഏപ്രണിന്‍റെ നിർമാണ പ്രവർത്തനം അമ്പതുശതമാനം പൂർത്തിയായി. ടെർമിനൽ നിർമാണം തുടങ്ങിക്കഴിഞ്ഞു. ഇംപോർട്ട് കാർഗോ ടെർമിനൽ, അനിമൽ ക്വാറന്‍റൈൻ സംവിധാനം, 0484 എയ്റോ ലോഞ്ച്, കൊച്ചി വിമാനത്താവള ടാജ് ഹോട്ടൽ എന്നിവയുടെ പ്രവർത്തനവും ഇക്കാലയളവിൽ ആരംഭിക്കാനായി. വിമാനത്താവള പ്രവർത്തനങ്ങൾ സമ്പൂർണമായി ഡിജിറ്റൽവത്ക്കരണത്തിനായുള്ള സമഗ്രപദ്ധതിയായ സിയാൽ ടു പോയിന്‍റ് ഒ യ്ക്കും തുടക്കമിടാൻ കഴിഞ്ഞിട്ടുണ്ട്" - മുഖ്യമന്ത്രി പറഞ്ഞു.
"വ്യോമയാന ഇതര വരുമാനം വർധിപ്പിക്കാനുള്ള കൊമേഴ്സ്യൽ സോൺ നിർമാണം, ഗോൾഫ് ടൂറിസം പദ്ധതി എന്നിവയും അതിവേഗം പൂരോഗമിക്കുകയാണ്. സൗരോർജ ഉത്പാദന രംഗത്ത് നാം കൈവരിച്ച നേട്ടം അന്താരാഷ്ട്ര പ്രസിദ്ധി നേടി. നിലവിൽ 50 മെഗാവാട്ടാണ് സിയാലിന്‍റെ ഹരിത പദ്ധതികളുടെ മൊത്തം സ്ഥാപിതശേഷി. പകൽസമയത്ത് ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി, ഗ്രിഡിലേയ്ക്ക് നൽകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സൗരോർജ വൈദ്യുതി, മെഗാവാട്ട് തോതിൽ സംഭരിച്ച്, രാത്രി കൂടി ഉപയുക്തമാക്കുന്ന തരത്തിലുള്ള പദ്ധതികൾക്ക് പലയിടത്തും തുടക്കമിട്ടിട്ടുണ്ട്. സിയാലും ഇത്തരമൊരു പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുകയാണ്. നടപ്പുസാമ്പത്തിക വർഷത്തിൽ ഇത് കമ്മിഷൻ ചെയ്യാൻ കഴിയും. ബിപിസിഎല്ലിന്‍റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹൈഡ്രജൻ ഉത്പാദന പ്രോജക്ടും അന്തിമഘട്ടത്തിലാണ്.
വ്യോമയാന രംഗത്തെ വളർച്ച പൊതു തൊഴിൽരംഗത്തും ടൂറിസം, ഹോസ്പിറ്റാലിറ്റി, അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ വൻതോതിലുള്ള മാറ്റങ്ങൾക്ക് വഴിയൊരുക്കും". മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഓൺലൈനായി നടന്ന യോഗത്തിൽ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐഎഎസ്, മറ്റു സിയാൽ ഡയറക്റ്റർമാർ, മാനേജിങ് ഡയറക്റ്റർ എസ്. സുഹാസ് ഐഎഎസ്, കമ്പനി സെക്രട്ടറി സജി. കെ. ജോർജ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.