സിയാൽ 2.0: കൊച്ചി വിമാനത്താവളത്തിൽ സമ്പൂർണ ഡിജിറ്റൽവത്കരണം

200 കോടി രൂപ മുതൽ മുടക്കിൽ നടപ്പാക്കുന്ന പദ്ധതി തിങ്കളാഴ്ച വൈകിട്ട് 5ന് സിയാൽ കൺവെൻഷൻ സെന്‍ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കൊച്ചി: സിയാൽ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സമ്പൂർണ ഡിജിറ്റൽവത്കരണമെന്ന ലക്ഷ്യം യാഥാർഥ്യമാകുന്നു. നിർമിതബുദ്ധി, ഓട്ടൊമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യും. ഒപ്പം യാത്രക്കാർക്ക് അതിവേഗം സുരക്ഷാ പ്രക്രിയ പൂർത്തിയാക്കാനുമാകും. 200 കോടി രൂപ മുതൽ മുടക്കിൽ നടപ്പാക്കുന്ന പദ്ധതി തിങ്കളാഴ്ച വൈകിട്ട് 5ന് സിയാൽ കൺവെൻഷൻ സെന്‍ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നിർമാണം പൂർത്തീകരിച്ച സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്‍റർ പ്രവർത്തന സജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സംവിധാനങ്ങളുടെ സെർവറുകളും സൈബർ സുരക്ഷാ സാങ്കേതികവിദ്യയും തദ്ദേശീയമായി തന്നെ കൈകാര്യം ചെയ്യാനാകും. യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലും സുരക്ഷാ ഭടൻമാരുടെ ഇടപെടൽ ഇല്ലാതെയും പൂർത്തിയാക്കാൻ ഫുൾ ബോഡി സ്കാനറുകൾ സ്ഥാപിക്കും. സുരക്ഷാ പരിശോധന സമയത്ത് ക്യാബിൻ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടൊമേറ്റഡ് ട്രേ റിട്രീവൽ സിസ്റ്റം നിലവിൽ വരും.

വിമാനത്താവളത്തിന്‍റെ ഓപ്പറേഷണൽ മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 4,000 ക്യാമറകൾ സ്ഥാപിക്കും. തത്സമയ നിരീക്ഷണം, വിശകലനം, അതിവേഗ ഇടപെടൽ എന്നിവ ഇതിലൂടെ സാധ്യമാകും. എയർപോർട്ട് ഓപ്പറേഷണൽ ഡേറ്റാബേസ്, ഫ്ളൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം, ഫ്ളൈറ്റ് അനൗൺസ്മെന്‍റ് സിസ്റ്റം, കോമൺ യൂസ് പാസഞ്ചർ പ്രോസസിങ് സിസ്റ്റം, ഡേറ്റ സെന്‍റർ, നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ച്ചർ എന്നിവ ആധുനികവത്കരിക്കും. സിയാൽ 2.0 യുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു നടത്തുന്ന ഏറോ ഡിജിറ്റൽ സമ്മിറ്റ് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെ സിയാൽ കൺവെൻഷൻ സെന്‍ററിൽ നടക്കും.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com