തിരുവനന്തപുരം: മകളുടെ സുഹ‍്യത്തിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ പിതാവടക്കം മൂന്ന് പേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷൻ ഏറ്റെടുത്ത സൂരജ്, മനു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണന്തല പൊലീസാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ സന്തോഷിന്‍റെ മകൾ ആത്മഹത‍്യ ചെയ്തിരുന്നു. മകളുടെ ആത്മഹത‍്യയ്ക്ക് കാരണം മകളുടെ സുഹ‍്യത്തായ അനുജിത്താണെന്ന് ആരോപിച്ചാണ് പിതാവ് സന്തോഷ് ബന്ധുവായ ജിജുവിന് ക്വട്ടേഷൻ നൽകിയത്. സൂരജും മനുവും രണ്ട് തവണയാണ് അനുജിത്തിനെ കൊല്ലാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മകളുടെ ആത്മഹത‍്യയിൽ പ്രതികാരമായിട്ടാണ് അനുജിത്തിനെ കൊലപെടുത്താൻ ക്വട്ടേഷൻ നൽകിയതെന്ന് സന്തോഷ് മൊഴി നൽകിയതായി പൊലീസ് വ‍്യക്തമാക്കി. തുടർന്ന് സ്ഥലത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ക്വട്ടേഷൻ സംഘത്തെ ഏർപ്പാട് ചെയ്ത പെൺകുട്ടിയുടെ ബന്ധു ഒളിവിലാണ്.