

സി.ജെ. റോയ്
ബെംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ആദായ നികുതി വകുപ്പ് (ഐടി) ഉദ‍്യോഗസ്ഥരുടെ മാനസിക പീഡനം മൂലമാണ് റോയ് ജീവനൊടുക്കിയതെന്നാണ് കുടംബം ആരോപിക്കുന്നത്. റോയ് മരിച്ചിട്ടും ആദായ നികുതി വകുപ്പ് ഉദ‍്യോഗസ്ഥർ റെയ്ഡ് തുടർന്നുവെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള ഐടി ഉദ‍്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി റോയ്‌യെ ചോദ‍്യം ചെയ്തു വരുകയായിരുന്നുവെന്നും ഇത് മാനസികമായി തളർത്തിയതായും കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഓഫിസിൽ ഇക്കഴിഞ്ഞ ഡിസംബറിലും ആദായ വകുപ്പ് ഉദ‍്യോഗസ്ഥർ റെയ്ഡ് നടത്തിയെന്നുമാണ് കുടുംബം പറയുന്നത്.
സംഭവത്തിൽ കർണാടക അശോക് നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
ബെംഗളൂരു റിച്ചിമണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഓഫിസിനുള്ളിൾ വച്ചാണ് റോയ് സ്വയം വെടിവച്ച് മരിച്ചത്. സംഭവസ്ഥലത്ത് ഉണ്ടായവരിൽ നിന്നും മൊഴിയെടുക്കുമെന്നും സിസിടിവി ക‍്യാമറകളും ഹാർഡ് ഡിസ്കളും കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് വ‍്യക്തമാക്കി.
സംഭവസ്ഥലത്ത് പൊലീസ് വിശദമായ പരിശോധന നടത്തിയതിനെത്തുടർന്ന് വെടിയുതിർക്കാൻ ഉപയോഗിച്ച് തോക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച ബെംഗളൂരുവിൽ വച്ചാണ് സംസ്കാരം.