

സി.ജെ. റോയ്‌യുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
ബെംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്‌യുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും തകർത്ത് പുറത്തുകടന്നതാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ശരീരഭാഗങ്ങളുടെയും വെടിമരുന്നിന്‍റെയും സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ‍്യക്തമാക്കുന്നു.
6.35 മില്ലീമീറ്റർ വലിപ്പമുള്ള വെടിയുണ്ടയാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ കർണാടക സർക്കാർ പ്രത‍്യേക അന്വേഷണ സംഘം രൂപികരിച്ചിട്ടുണ്ട്. ഡിഐജി വംശി കൃഷ്ണയ്ക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപിയായ ലോകേഷ് ഉൾപ്പെടെയുള്ളവർ അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു. ആദായ നികുതി വകുപ്പ് (ഐടി) ഉദ‍്യോഗസ്ഥരുടെ സമ്മർദം മൂലമാണ് റോയ് ജീവനൊടുക്കിയതെന്ന് നേരത്തെ കുടുംബം ആരോപിച്ചെങ്കിലും ഐടി ഉദ‍്യോഗസ്ഥർ ആരോപണം തള്ളിയിരുന്നു.
കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ മൂലമാണ് റോയ് മരിച്ചതെന്നാണ് സിപിഎമ്മിന്‍റെ വിമർശനം. സംഭവത്തിൽ ഗൗരവമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ‍്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരു റിച്ചിമണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഓഫിസിനുള്ളിൾ വച്ചാണ് റോയ് സ്വയം വെടിവച്ച് മരിച്ചത്. സംഭവസ്ഥലത്ത് ഉണ്ടായവരിൽ നിന്നും മൊഴിയെടുക്കുമെന്നും സിസിടിവി ക‍്യാമറകളും ഹാർഡ് ഡിസ്കളും കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് കഴിഞ്ഞ ദിവസം തന്നെ വ‍്യക്തമാക്കിയിരുന്നു.