

സി.ജെ. റോയ്
Confident Group
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഉടമ സി.ജെ. റോയ് സ്വന്തം ഓഫിസിൽ സ്വയം വെടിവച്ചു മരിച്ചു. ബെംഗളൂരു റിച്ചിമണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഓഫിസിനുള്ളിലാണ് സംഭവം.
ലഭ്യമായ വിവരങ്ങൾ പ്രകാരം, എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) റെയ്ഡ് നടത്തുന്നതിനിടെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. സംഭവത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്.
പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനുമായ സി.ജെ. റോയിയുടെ മരണം ബിസിനസ് മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ റോയ് നിരവധി സിനിമകൾ നിർമിച്ചിട്ടുമുണ്ട്.
സംഭവത്തിന് പിന്നിലെ വിശദാംശങ്ങൾ വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.