തമിഴ്‌നാട്ടിൽ തള്ളിയ ആശുപത്രി മാലിന്യം ക്ലീന്‍ കേരള ഗൗഡൗണുകളിലേക്ക്

ചെ​ല​വാ​യ 70,000 രൂ​പ കേ​ര​ളം ത​മി​ഴ്‌​നാ​ടി​ന് ന​ല്‍കും.
clean kerala company removed the dumped hospital waste in tirunelveli
തമിഴ്‌നാട്ടിൽ തള്ളിയ ആശുപത്രി മാലിന്യം ക്ലീന്‍ കേരള ഗൗഡൗണുകളിലേക്ക്file image
Updated on

തിരുവനന്തപുരം: കേരളത്തില്‍ നിന്നും തമിഴ്നാട് തിരുനൽവേലിയിൽ കൊണ്ടുപോയി നിക്ഷേപിച്ച ആശുപത്രി മാലിന്യം നീക്കം ചെയ്ത് തുടങ്ങി. കേരളത്തിലെ മാലിന്യം തമിഴ്നാട്ടിൽ തള്ളിയത് വിവാദമായതിനെ തുടർന്നാണ് നപടി. ക്ലീന്‍ കേരള കമ്പനിക്കും തിരുവനന്തപുരം കോര്‍പറേഷനുമാണ് കേരള സര്‍ക്കാര്‍ മാലിന്യനീക്കത്തിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. വിവിധ വകുപ്പുകളിലെ ഇരുപതോളം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ തൊഴിലാളികള്‍ അടക്കം 70 അംഗസംഘമാണ് തിരുനെല്‍വേലിയിലെത്തി മാലിന്യം നീക്കം നടത്തിയത്. ഇത് ക്ലീന്‍ കേരളയുടെ ഗോഡൗണുകളില്‍ എത്തിച്ചു വേര്‍തിരിച്ച് സംസ്‌കരിക്കും. സബ് കലക്റ്റര്‍ ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

നേരത്തെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ മൂന്നുദിവസത്തിനകം മാറ്റണമെന്ന് ദേശീയ ഹരിതട്രിബ്യൂണല്‍ ഉത്തരവിട്ടരുന്നു. മാലിന്യം നീക്കിയശേഷം ഉത്തരവാദികളില്‍നിന്ന് ചെലവ് ഈടാക്കാനും നിയമനടപടി എടുക്കാനുമാണ് ഹരിതട്രൈബ്യൂണല്‍ ഉത്തരവ്. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍റര്‍, ക്രെഡന്‍സ് ആശുപത്രി എന്നിവിടങ്ങളിലെ മാലിന്യം ഉള്‍പ്പെടെ തിരുനെല്‍വേലിക്കു സമീപം തള്ളിയതിനെതിരേയാണ് ട്രൈബ്യൂണല്‍ കടുത്ത നിലപാട് സ്വീകരിച്ചത്. നേരത്തെ മാലിന്യം നീക്കം ചെയ്തതിനുള്ള ചെലവായ 70,000 രൂപ കേരളം തമിഴ്‌നാടിന് നല്‍കും. ഹരിതട്രൈബ്യൂണൽ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോപണവിധേയമായ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിയിരുന്നു.

മാലിന്യങ്ങള്‍ക്കിടയില്‍ ആര്‍സിസിയിലെ രോഗികളുടെ സ്വകാര്യ വിവരങ്ങളടങ്ങിയ ചികിത്സാ രേഖകളും വന്നതോടെയാണ് സംഭവം വിവാദമായത്. ബയോ മെഡിക്കല്‍ മാലിന്യങ്ങളുടെ നിര്‍മാര്‍ജ്ജനത്തിനു പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്നും ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നുമാണ് ആര്‍സിസിയുടെ വിശദീകരണം. മെഡിക്കല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടു ഏജന്‍സികള്‍ വീഴ്ച്ചവരുത്തുന്നുവെന്നു ആക്ഷേപമുണ്ട്.

അന്വേഷണത്തിന് നാലംഗ സമിതി, നാല് പേർ അറസ്റ്റിൽ

ആശുപത്രി മാലിന്യങ്ങള്‍ തിരുനെല്‍വേലിയിലെ ഗ്രാമങ്ങളില്‍ തള്ളിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തദ്ദേശ വകുപ്പ് നാലംഗ സമിതിയെ നിയോഗിച്ചു. തദ്ദേശ വകുപ്പ് ജോയിന്‍റ് ഡയറക്റ്റര്‍ മുഹമ്മദ് ഹുവൈസ് കണ്‍വീനറായ സമിതിയില്‍ ശുചിത്വ മിഷന്‍ ഡയറക്റ്റര്‍ ആര്‍.എസ്. ഗംഗ, ചീഫ് എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍ കെ.എസ്. വിനയ, ലോ ഓഫിസര്‍ എച്ച്. സജീര്‍ എന്നിവരാണ് അംഗങ്ങള്‍.

മാലിന്യം തള്ളിയ സംഭവത്തിലെ കുറ്റവാളികള്‍, അംഗീകൃത ഏജന്‍സികളുടെ പങ്കാളിത്തം, നിലവിലെ സംവിധാനത്തിലെ പാളിച്ചകള്‍, ഇത് തടയുന്നതിനുള്ള ശുപാര്‍ശകള്‍, അന്തര്‍സംസ്ഥാന ഗതാഗത നിയന്ത്രണത്തിന് നിലവിലുള്ളതും പുതിയതുമായ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ എന്നിവ തയ്യാറാക്കലാണ് സമിതിയുടെ ചുമതല. ഒരാഴ്ചയ്ക്കുള്ള സമിതി തദ്ദേശസ്വയംഭരണ വകുപ്പിന് റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.

അതേസമയം, മാലിന്യം തള്ളിയ സംഭവത്തില്‍ ഒരു മലയാളി ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി നിതിന്‍ ജോര്‍ജാണ് അറസ്റ്റിലായ മലയാളി. കേരള സ്റ്റേറ്റ് മെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് സൂപ്പര്‍വൈസറാണ് നിതിന്‍. ട്രക്ക് ഡ്രൈവര്‍ ചെല്ലതുറയും അറസ്റ്റിലായി. ഏജന്‍റുമാരായ രണ്ടു തിരുനെല്‍വേലി സ്വദേശികളെക്കൂടി തമിഴ്‌നാട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com