
തിരുവനന്തപുരം: ക്ലീൻ കേരളാ കമ്പനി വഴി നീക്കം ചെയ്യുന്ന മാലിന്യത്തിന്‍റെ അളവിൽ വൻ കുതിച്ചുചാട്ടം.
മേയ് മാസം 5355.08 ടൺ മാലിന്യമാണ് ക്ലീൻ കേരളാ കമ്പനി സംസ്ഥാനത്താകെ ശേഖരിച്ച് നീക്കം ചെയ്തത്. 2022 മെയ് മാസത്തിൽ ഇത് 3728.74 മെട്രിക് ടൺ മാത്രമായിരുന്നു. ഇതിൽ വേര്‍തിരിച്ച പ്ലാസ്റ്റിക് മാലിന്യം 620.59 ടൺ മാത്രമായിരുന്നു. 2023 മെയിൽ ഇത് 1014.04 ആയി വര്‍ധിച്ചു . 2023 ഏപ്രിൽ മാസത്തിൽ ആകെ ശേഖരിച്ച മാലിന്യം 3174 ടണ്ണും ഇതിൽ വേര്‍തിരിച്ച പ്ലാസ്റ്റിക് 958.32 ടണ്ണുമായിരുന്നു. മെയിൽ 63.55 ലക്ഷം രൂപയും ഏപ്രിലിൽ 57.02 ലക്ഷം രൂപയും ക്ലീൻ കേരളാ കമ്പനി ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
മാലിന്യ ശേഖരണത്തിലും തരംതിരിച്ച് ശേഖരിക്കുന്നതിലുമുണ്ടായ വലിയ മുന്നേറ്റം, 'മാലിന്യമുക്തം നവകേരളം' പദ്ധതി ഫലം കാണുന്നതിന്‍റെ തെളിവാണെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ചില്ല്, തുണി, ഇ വേസ്റ്റ്, മരുന്ന് സ്ട്രിപ്പ്, ടയര്‍, ചെരുപ്പ്, ഹസാര്‍ഡസ് വേസ്റ്റ് ഉള്‍പ്പെടെ എല്ലാത്തരം മാലിന്യവും ഇപ്പോള്‍ ക്ലീൻ കേരളാ കമ്പനി ശേഖരിക്കുന്നുണ്ട്. പാഴ്വസ്തു ശേഖരണ രംഗത്ത് പ്രാദേശിക സര്‍ക്കാരുകളുടെ പിന്തുണാ സംവിധാനമായാണ് ക്ലീൻ കേരളാ കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ എണ്ണൂറിലധികം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ക്ലീൻ കേരളാ കമ്പനിയുടെ പിന്തുണ ലഭിക്കുന്നുണ്ട്. കൂടുതൽ ഫലപ്രദമാവും ശാസ്ത്രീയവുമായ ഇടപെടലുകള്‍ ക്ലീൻ കേരളാ കമ്പനി നടത്തുമെന്നും മന്ത്രി പറഞ്ഞു.
2021-22 വര്‍ഷത്തിൽ ആകെ 7657 ടൺ മാലിന്യമായിരുന്നു ക്ലീൻ കേരളാ കമ്പനി നീക്കം ചെയ്തത്. 2022-23 വര്‍ഷത്തിൽ ഇത് നാലിരട്ടിയോളം വര്‍ധിപ്പിക്കാനായി. തരംതിരിച്ച പ്ലാസ്റ്റിക് ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 8463 ടണ്ണായി വര്‍ധിച്ചു. ഇതുമൂലം ഹരിതകര്‍മ്മ സേനയ്ക്ക് ആറുകോടി രൂപയിലധികം പാഴ്വസ്തുക്കളുടെ വിലയായി കൈമാറാനായി.
ആകെ മാലിന്യ ശേഖരണത്തിൽ എറണാകുളമായിരുന്നു മുന്നിൽ, 4735.96 ടൺ. പക്ഷെ തരംതിരിച്ച് മാലിന്യം ശേഖരിക്കുന്നതിലും അതുവഴി ഹരിതകര്‍മ്മ സേനയ്ക്കുള്ള വരുമാനത്തിലും ഒന്നാമതെത്തിയത് കണ്ണൂര്‍ ജി.ല്ലയാണ്. കണ്ണൂരില്‍ 1186.12 ടൺ തരംതിരിച്ച പ്ലാസ്റ്റികാണ് ശേഖരിച്ചത്, ഇതുവഴി 99.76 ലക്ഷം രൂപ ഹരിതകര്‍മ്മ സേനയ്ക്ക് ലഭിക്കുകയും ചെയ്തു. എറണാകുളം ജില്ലയിൽ ഇത് 510.38 ടണ്ണും 28.32 ലക്ഷം രൂപയും മാത്രമാണ്.