തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് നല്‍കി. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
ചൊവ്വാഴ്ച ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഞായറാഴ്ച കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്.
കണ്ണൂരിൽ മേഘവിസ്ഫോടനമുണ്ടായതായാണ് വിലയിരുത്തൽ. മണിക്കൂറിൽ 92 മില്ലീ മീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. അടുത്ത അഞ്ചു ദിവസം പരക്കെ മഴ ശക്തമാകുമെന്നാണ് പ്രവചനം. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കര്‍ണാടക തീരത്ത് തടസമില്ല.