
പിണറായി വിജയൻ
തിരുവനന്തപുരം: ലഹരിക്കെതിരായ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും ഇതിനായി രാഷ്ട്രീയ പാർട്ടികളുടെയും മത മേലധ്യക്ഷൻമാരുടെയും പിന്തുണ ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.'നോ ടു ഡ്രഗ്സ്' ക്യാംപയ്നിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാൻ സഹകരിക്കണം. ജൂണിൽ വിപുലമായ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിവേചനങ്ങൾക്ക് ഇടമില്ല. സൺഡേ സ്കൂളുകൾ, മദ്രസകൾ, ഇതര ധാർമിക വിദ്യാഭ്യാസ ക്ലാസുകൾ എന്നിവിടങ്ങളിലെല്ലാം ലഹരിവിരുദ്ധ ആശയങ്ങൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കണം. സർക്കാർ ക്യാംപയ്നിന്‍റെ രൂപരേഖയിൽ വിശദമായ അഭിപ്രായങ്ങൾ ഒരാഴ്ചയ്ക്കകം നൽകണം. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഒരു മത സാമുദായിക നേതാവ് തങ്ങളുടെ മെഡിക്കൽ കോളെജുകളിലെ കൗൺസിലർമാരെ ലഭ്യമാക്കാമെന്നു അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ലഹരി ഉത്പന്നങ്ങളെ ഏതെങ്കിലും മതമോ ജാതിയോ രാഷ്ട്രീയ പാർട്ടിയോ പ്രോത്സാഹിപ്പിക്കുന്നില്ല. ലഹരിക്കെതിരേ ജാഗ്രത പുലർത്താൻ മത, ജാതി സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അനുയായികളോട് അഭ്യർത്ഥിക്കാനും യോഗം തീരുമാനിച്ചു. വിദ്യാർഥികളെയും യുവജനങ്ങളെയും ഊന്നിയാണ് പ്രധാന കർമ്മപരിപാടികൾ. ലഹരിക്കെതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരും.
ഒരാളെയും ലഹരിക്കു വിട്ടുകൊടുക്കില്ല എന്ന പൊതുബോധത്തോടെയുള്ള നിര്‍ദേശമാണ് യോഗങ്ങളില്‍ ഉയര്‍ന്നത്. ലഹരി വിപത്തിന് മുന്നിൽ കീഴടങ്ങില്ലെന്ന നിശ്ചയദാർഢ്യത്തോടെ ജനം ഒന്നിച്ചിറങ്ങിയാൽ വിജയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ഇല്ലാതാക്കാനുള്ള പ്രചാരണവും ശക്തമാക്കും.
സംസ്ഥാനത്ത് വിജിലൻസിന്‍റെ പ്രവർത്തനം വിപുലമാക്കും. മാർച്ചിൽ മാത്രം 14 പേരെ വിജിലൻസ് പിടികൂടി. അഴിമതിക്കാരായ 700 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയാറാക്കി. ഇതിൽ ചിലർ പിടിയിലായി. അഴിമതിക്കേസുകൾ കൂടുതൽ ആഴത്തിൽ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.