നെല്ലുൽപാദനം കൂടുന്നത് നാടിന് ബാധ്യതയാണെന്ന കേന്ദ്ര വാദം കര്‍ഷകരോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരേ മുഖ്യമന്ത്രി

നെല്ലുത്പാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് ഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്രം അറിയിച്ചത്
cm opposes the central government proposal to stop the incentive bonus for paddy farmers

pinarayi Vijayan

file image

Updated on

തിരുവനന്തപുരം: നെല്ലുത്പാദനം വർധിക്കുന്നത് ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിന്‍റെ വിചിത്ര ന്യായം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നെല്ലിന്‌ അധിക പ്രോത്സാഹന ബോണസ്‌ നൽകുന്നതിൽ കേന്ദ്രം എന്തിനാണ് അസ്വസ്ഥത കാണിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

നെല്ലുത്പാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് ഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളിൽ ബോണസ് നൽകിയാണ് സംസ്ഥാനം നെൽക്കർഷകരെ ചേർത്തുപിടിക്കുന്നത്. കോർപ്പറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം എഴുതിത്തള്ളാൻ മടിക്കാത്തവരാണ് കർഷകന് നൽകുന്ന ബോണസ് വലിയ ബാധ്യതയായി ചിത്രീകരിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

ബോണസ് നയം പുനപ്പരിശോധിക്കാൻ സംസ്ഥാനത്തിനുമേൽ സമ്മർദം ചെലുത്തുകയാണ്. ഇതു കർഷകരോടു മാത്രമല്ല നാടിനോടാകെയുള്ള ശത്രുതാ മനോഭാവമാണ്. വ്യാപാര കരാറിന്‍റെ ഭാഗമായി അമെരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് വിപണി തുറന്നുകൊടുക്കുന്നതിന്‍റെ ആദ്യപടിയാണോ ഈ നിലപാടെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com