

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്‌ട് ടു വർക്ക് സ്കോളർഷിപ്പിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ മാർഗരേഖയ്ക്ക് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം. അപേക്ഷകരുടെ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയരുതെന്നതാണ് പുതുക്കിയ മർഗരേഖയിലെ പ്രധാന മാറ്റം.
18 തികഞ്ഞവരും 30 വയസ് കവിയാത്തവർക്കുമാണ് അപേക്ഷ നൽകാനാവുക. നൈപുണ്യ പരിശീലനത്തിനോ അംഗീകൃത മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവരോ ആയിരിക്കണം. ഇത്തരത്തിൽ അർഹരായ 5 ലക്ഷത്തോളം യുവതീ യുവാക്കൾക്ക് സ്കോളർഷിപ്പ് നൽകാനാണ് തീരുമാനം. പ്രതിമാസം 1000 രൂപവീതമാവും ലഭിക്കുക. ഒരു വർഷത്തേക്കാണ് സ്കോളർഷിപ്പ്.
പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവയ്ക്കും. നവകേരള സദസ്, സംസ്ഥാനത്താകെ വിവിധ വിഭാഗം ജനങ്ങളുമായി നടത്തിയ സംവാദ പരിപാടികൾ, അതിന്‍റെ ഭാഗമായിയുള്ള ചർച്ചകൾ തുടങ്ങിയ പ്രക്രിയയിലൂടെയാണ് ഈ തീരുമാനങ്ങളിലേക്ക് എത്തിയത്.